കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വര്ഷികാഘോഷപരിപാടികള് ഡോ. കെ.എന്‍. ഗണേശ് ഉദ്ഘാടനം ചെയ്യ്തു
ഇരിങ്ങാലക്കുട : ജനങ്ങളുടെ തലത്തില്‍ നിന്നുകൊണ്ടുള്ള ക്ഷേത്രങ്ങളാണ് നമുക്ക് വേണ്ടതെന്ന് ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ.എന്‍. ഗണേശ് പറഞ്ഞു. കൂടല്‍മാണിക്യം മൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വാര്‍ഷികാഘോഷവും രണ്ടു ദിവസം നീണ്ടുനില്കുന്ന ചരിത്ര സെമിനാറും ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന് പുരസ്കാര ജേതാവ് ഡോ. എസ്.കെ. വസന്തനെ ചടങ്ങില്‍ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യദിന സെമിനാറുകളില്‍ ഡോ. എസ്.കെ. വസന്തന്, പ്രൊഫ. ടി.ആര് വേണുഗോപാല്‍ എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ഡോ. ടി.കെ. നാരായണന്, ശ്യാമ ബി. മേനോന് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ഉഷാനന്ദിനി, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, മ്യൂസിയം ഡയറക്ടര്‍ ഡോ. കെ. രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു. ഉപദേശകാംഗങ്ങളായ അശോകന് ചരുവില്‍, പ്രൊഫ. സാവിത്രി ലക്ഷ്മണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കോളജുകളില്‍നിന്നും 250 ഓളം വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. അഖില കേരളാടിസ്ഥാനത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും. സെയ്ന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി സമ്മാനദാനം നടത്തും.