ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുന്നു; പി എ അജയഘോഷ്
കല്ലേറ്റുംകര : സാധാരണ ജനങ്ങള്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ പകുത്തു കൊടുക്കേണ്ട അധികാരസ്ഥാപനങ്ങളെ വെറും നോക്കുകുത്തികളാക്കുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് കെപിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. കല്ലേറ്റുംകരയില്‍ നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ വികസന പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് കേരളീയം പോലുള്ള ബൃഹത്തായ പരിപാടികള്‍ ആഘോഷിക്കുമ്പോഴും പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തോടുള്ള അനീതിയാണ് കാണാനാകുന്നത്. പല ത്രിതല പഞ്ചായത്തുകളിലും പദ്ധതിവിഹിതങ്ങള്‍ വെട്ടിക്കുറക്കുന്നതും വക മാറ്റി ചെലവഴിക്കുന്നതുമായ പ്രവണത തുടരുകയാണ്. മുരിയാട് പഞ്ചായത്തില്‍ കഴിഞ്ഞ പദ്ധതിവര്‍ഷം അനുമതി നല്കിയ ചേര്‍പ്പും കുന്ന് കോളനിയിലെ അയ്യങ്കാളി ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വക കൊള്ളിച്ചിരുന്ന പദ്ധതി വിഹിതം അട്ടിമറിച്ചത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും ഇത്തരം നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കെപിഎംഎസ് രൂപം കൊടുക്കുമെന്ന് അജയഘോഷ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി കൊരട്ടി, പിസി രഘു, കെ.പി. ശോഭന, ബിനോജ് തെക്കേമറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.