ആഘോഷങ്ങളുടെ രാവില്‍ ക്രിസ്തുമസ്, കാഴ്ചയുടെ വിരുന്നൊരുക്കി കരോള്‍ സംഘങ്ങള്‍; വീഥി നിറഞ്ഞ് പാപ്പാമാരും മാലാഖവൃന്ദവും, നഗരം നിറഞ്ഞ് കാണികളും
ഇരിങ്ങാലക്കുട: സാന്താക്ലോസുമാരും മാലാഖമാരും നൃത്തം വെച്ചു നഗര വീഥികള്‍ കയ്യടക്കിയതോടെ കരോള്‍ മത്സരഘോഷയാത്ര വിസ്മയമായി. ജീവനുള്ള കഥാപാത്രങ്ങളെ പുല്‍ക്കൂട്ടില്‍ അണിനിരത്തിയായിരുന്നു കരോള്‍ സംഘങ്ങള്‍ നഗരവീഥിയെ കീഴടക്കിയത്. യേശുവിന്റെ കാലഘട്ടത്തിലെ വേഷവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ കുട്ടികളില്‍ മാത്രമല്ല വലിയവരിലും ഏറെ കൗതുകമുണര്‍ത്തി. മാതാവിനും യൗസേപ്പിതാവിനും പുറമേ ആട്ടിടയന്മാരും പൂജരാജാക്കന്മാരുമുള്പ്പടെയുള്ളവരുടെ പുരാതന വേഷധാരണം കരോളിനെ വേറിട്ടതാക്കി. തിരുപ്പിറവിയുടെ സന്ദേശമറിയിച്ച് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്രയിലാണ് പാപ്പാ കൂട്ടവും മാലാഖവൃന്ദവും ആട്ടിടയന്മാരുമുള്പ്പടെയുള്ളവര് അണിനിരന്നത്.
ചുവന്ന കുപ്പായവും തൊപ്പിയും ധരിച്ച് കയ്യില്‍ ബലൂണുകളുമായി രാത്രി ഏഴുമണിയോടെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്മാരുടെ പ്രവാഹമാരംഭിച്ചു. കാലിത്തൊഴുത്തിലെ തിരുപ്പിറവിയുടെ വരവറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും സാന്താക്ലോസുമാരും മാലാഖവൃന്ദവും ചേര്‍ന്ന് ഉണ്ണിമിശിഹായുടെ വരവറിയിച്ചു. കരോള്‍ മത്സരഘോഷയാത്ര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സന് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, സിഎല്‍സി സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നടത്തി.
ജോണ്‍ ആന്‍ഡ് കോ പ്രൊപ്രൈറ്റര്‍ സജി നെല്ലിശേരി മുഖ്യാതിഥിയായിരുന്നു. കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി ജോണ്‍ കണ്ടംകുളത്തി, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് കെ.പി. നെല്‍സണ്‍, ജനറല്‍ കണ്വീനര്്രാന്സിസ് കോക്കാട്ട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജെ. ജോയ്, ഫ്രാന്‍സീസ് കീറ്റിക്കല്‍, ജോസ് ജി. തട്ടില്‍, ഡേവീസ് പടിഞ്ഞാറേക്കാരന്‍, വിനു ആന്റണി എന്നിവര്‍ സംസാരിച്ചു. ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച വര്‍ണശബളമായ മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര മെയിന്‍ റോഡ്, ഠാണാ വഴി കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ സമാപിച്ചു.