കുടുംബക്ഷേമ ഉപകേന്ദ്രം സന്ദര്‍ശിച്ച് കളക്ടര്‍
ഇരിങ്ങാലക്കുട: പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ച് ആരംഭിക്കുന്ന വെല്‍നെസ് സെന്റര്‍ നഗരസഭ ഏഴാം വാര്‍ഡില്‍ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രത്തില്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഐഎഎസ് കുടുംബക്ഷേമ ഉപകേന്ദ്രം സന്ദര്‍ശിച്ചു. നഗരസഭ പരിധിയില്‍ വെല്‍നെസ് സെന്ററുകള്‍ തുടങ്ങാന്‍ എണ്‍പത് ലക്ഷത്തോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വാര്‍ഡ് 29 ല്‍ നേരത്തെ തന്നെ വെല്‍നെസ് സെന്റര്‍ ആരംഭിച്ചിരുന്നു. ഏഴാം വാര്‍ഡില്‍ മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് വെല്‍നെസ് സെന്റര്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം നഗരസഭ അധികൃതര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ജില്ലാ ആരോഗ്യ വകുപ്പ് അനുവാദം നല്‍കിയിരുന്നില്ല.
ഏഴാം വാര്‍ഡില്‍ തന്നെ വാടകക്കെട്ടിടങ്ങളില്‍ വെല്‍നെസ് സെന്റര്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും എവിടെയുമെത്തിയില്ല. ഡിസംബര്‍ 30നകം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്സണും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും ജില്ലാ കളക്ടറെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഉപകേന്ദ്രവും പരിസരങ്ങളും ചുറ്റിക്കണ്ട കളക്ടര്‍ ഉപകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരില്‍ നിന്നും ചോദിച്ചറിഞ്ഞു. നഗരസഭയുടെ ആവശ്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനും വിഷയം പരിഗണിക്കാമെന്നുമുള്ള ഉറപ്പ് നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് അടക്കമുള്ള കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.