അയ്യങ്കുഴി ധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ കൊരമ്പു മൃദ്ദംഗ കളരി മൃദ്ദംഗ മേള അവതരിപ്പിച്ചു
ഇരിങ്ങാലക്കുട: മണ്ഡലകാലത്തോടനുബന്ധിച്ച് കൊരമ്പുമന വക അയ്യങ്കുഴി ധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ ഇരിങ്ങാലക്കുട കൊരമ്പു മൃദ്ദംഗ കളരി മൃദ്ദംഗ മേള അവതരിപ്പിച്ചു. മൃദംഗമേളയും ഭരതനാട്യ കച്ചേരിയും സംഗീതകച്ചേരിയും ശ്രദ്ധേയമായി. അഞ്ച് വയസുകാരായ നാലു വിദ്യാര്‍ഥികള്‍ ആര്യ ഉല്ലാസിന്റെ ഗാനത്തോടൊപ്പം മൃദംഗത്തില്‍ പക്കമേളം വായിച്ചത് പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. കൊരമ്പ് മൃദംഗകളരിയിലെ വിദ്യാര്‍ഥികളായ നിവേദ് (ഓണ്‍ലൈന്‍ വിദ്യാര്‍ഥി, മുംബൈ), അയാന് സേതു, രുദ്രതീര്‍ഥ്, സംസ്കൃതി എന്നിവരാണ് കുഞ്ഞുവിരലുകള്‍കൊണ്ട് മൃദംഗത്തില്‍ പക്കമേളം വായിച്ചത്.
ഏറെക്കാലത്തെ പരിശീലനവും അതിലേറെ സാധകവും വേണം പക്കമേളം വായിക്കാന്‍ എന്നിരിയ്ക്കെ ഇത്രയും ചെറു പ്രായത്തില്‍ ഗാനത്തോടൊപ്പെ അതേ താളത്തില്‍ മൃദംഗത്തില്‍ നാദമുതിര്ത്തത് അത്ഭുതമായി. ആര്യ ഉല്ലാസ് അവതരിപ്പിച്ച കച്ചേരിയ്ക്ക് മുരളി കൊടുങ്ങല്ലൂര്‍ വയലിന് വായിച്ചു. കളരിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൃദംഗ മേളയും ശ്രദ്ധേയമായി. കൊരമ്പു സുബ്രഹ്മണ്യന് നമ്പൂതിരി ചിട്ടപ്പെടുത്തിയ മൃദംഗമേളയാണ് കളരിയിലെ നാല്പതോളം വിദ്യാര്‍ഥികള്‍ സ്വയം തത്തക്കാരം പറഞ്ഞ് മൃദംഗമേള അവതരിപ്പിച്ചത് മറ്റൊരു പ്രത്യേകതയായി. തുടര്‍ന്ന് അതുല്യ കൃഷ്ണ അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയും ശ്രദ്ധേയമായി. കളരിയിലെ വിദ്യാര്‍ഥികളായ ദോവ്സുകൃത്, അനന്തറാം എന്നിവരുടെ നേതൃത്വത്തിലാണ് ഭരതനാട്യ കച്ചേരിക്ക് പക്കമേളം അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന സംഗീത കച്ചേരിയില്‍ വിഷ്ണു തൃപ്രയാര്‍ വായ്പാട്ടും മുരളി കൊടുങ്ങല്ലൂര്‍ വയലിനും സ്വരാഗ്, റിഷിന്, കൈലാസ്, ഓംകാര്‍ എന്നിവര്‍ മൃദംഗത്തിലും അനന്തകൃഷ്ണ ഗഞ്ചിറയിലും അവന്തിക ഘടത്തിലും പക്കമേളം അവതരിപ്പിച്ചു. കളരിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു ജുഗല്ബന്ധിയോടെ സമാപിച്ചു. നാലര മണിക്കൂര്‍ നീണ്ട് നിന്ന മൃദംഗ കച്ചേരിക്ക് വിക്രമന് നമ്പൂതിരി നേതൃത്വം നല്കി.