ഒന്നര പതിറ്റാണ്ടിനു ശേഷം കൂടിയാട്ടം കുലപതി വേണുജി അഭിനയവേദിയില്‍

നടനകൈരളിയില്‍ നടന്നു വരുന്ന നവരസസാധന ശില്പശാലയില് കൂടിയാട്ടം കുലപതി വേണുജി പാര്‍വതിവിരഹം അരങ്ങില്‍.
ഇരിങ്ങാലക്കുട: നടന കൈരളിയില്‍ നടന്നു വരുന്ന നവരസ സാധന ശില്പശാലയില് പങ്കെടുക്കുവാന്‍ എത്തിയ നടീനടന്മാര്ക്കു വേണ്ടി മുഖ്യ ആചാര്യനായ കൂടിയാട്ടം കുലപതി വേണുജി നീണ്ട ഇടവേളയ്ക്കു ശേഷം അരങ്ങിലെത്തി. മുഖത്ത് നെയ്യ് മാത്രം തേച്ച് ചമയങ്ങളില്ലാതെയാണ് വേണുജി പാര്‍വതി വിരഹം അഭിനയം കാഴ്ചവെച്ചത്.
ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ പാര്‍വതി വിരഹം അഭിനയത്തിന് ലോകമെമ്പാടും വേദിയെരുക്കിയ ശിഷ്യന് വേണുജി ഗുരു അരങ്ങില്‍ നിന്നും വിരമിക്കുന്ന കാലത്താണ് അഭിനയത്തിലേക്ക് സജീവമായി വന്നത്.
1979 ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന അന്തര്‍ദേശീയ തിയേറ്റര്‍ സെമിനാറില്‍ പാര്‍വതീവിരഹം അഭിനയത്തോടു കൂടിയാണ് വേണുജിയെ സ്വീഡന് കേന്ദ്രമാക്കി രുപം കൊണ്ട വേള്‍ഡ് തിയേറ്റര്‍ പ്രോജക്ടിന്റെ ഡയറക്ടര്‍മാരിലൊരാളായി തെരഞ്ഞടുത്തത്. 2009ല്‍ തന്റെ 63-ാം വയസിലാണ് വേണുജി അരങ്ങിനോട് വിടപറയുന്നത്. കൂടുതല്‍ ശ്രദ്ധ നവരസസാധനയെന്ന അഭിനയ പരിശീലന പദ്ധതി വികസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ തീരുമാനം. ലോകത്തിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേര്‍ന്ന ശിഷ്യരുടെ നിര്‍ബന്ധമാണ് വീണ്ടും 78-ാം വയസില്‍ അഭിനയ വേദിയിലെത്തുവാന് പ്രേരണയായതെന്നാണ് വേണുജി പറയുന്നത്. കലാമണ്ഡലം രാജീവ്, ഹരിഹരന് എന്നിവര്‍ മിഴാവില്‍ പശ്ചാത്തലമേളം ഒരുക്കി. കപില വേണുജി ആമുഖപ്രഭാഷണം നടത്തി.