സൂട്ടി കടല്‍ക്കാക്ക കഴിമ്പ്രത്ത്, ആദ്യം കണ്ടത് 2022 നവംബറില്‍ ചാവക്കാട്ട്
ഇരിങ്ങാലക്കുട: രണ്ടുവര്‍ഷത്തിനുശേഷം സൂട്ടി ഗള് ദേശാടനപക്ഷിയെ ജില്ലയില്‍ കണ്ടെത്തി. 2022 നവംബറില്‍ ചാവക്കാട് കടല്‍ത്തീരത്ത് കണ്ടെത്തിയ സൂട്ടി കടല്‍ക്കാക്കയെയാണ് കഴിഞ്ഞ ദിവസം ജില്ലയിലെ മറ്റൊരു കടല്‍ത്തീരമായ കഴിമ്പ്രത്ത് പക്ഷിനിരീക്ഷകനായ റാഫി കല്ലേറ്റുംകര കണ്ടെത്തിയത്. വെളുത്ത കടല്ക്കാക്കകള്ക്കിടയില് ചാരനിറത്തിലുള്ളതാണിത്. ഒന്നര മണിക്കൂര്‍ മാത്രമാണ് ഇതിനെ കണ്ടതെന്നും റാഫി പറഞ്ഞു. ചാരത്തലയന്‍ കടല്ക്കാക്കയെന്നും പൊകയന്‍ കടല്ക്കാക്കയെന്നും ഇതിനെ വിളിക്കാറുണ്ട്. കേരളത്തില്‍ സാധാരണയായി വിരുന്നെത്തുന്ന ദേശാടനപക്ഷിയല്ല ഇതെന്നാണ് പക്ഷിനിരീക്ഷകര്‍ പറയുന്നത്. കേരളത്തില്‍ ആദ്യമായി ഇതിനെ കണ്ടെത്തിയത് 2022 നവംബറില്‍ ചാവക്കാട് കടല്‍ത്തീരത്ത് ചിത്രഭാനു പകരാവൂറാണ്. ഗുജറാത്തിലെയും തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും കടല്‍ത്തീരങ്ങളില്‍ ഇവയെ കണ്ടതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവ ഒരു പരിധിവരെ ദേശാടനസ്വഭാവമുള്ളവയാണ്. കടല്ത്തീരങ്ങളിലാണ് സൂട്ടി കൂടുതലായും സഞ്ചരിക്കുന്നത്. സൂട്ടിയുടെ സ്വന്തം കടല്‍ എന്ന് പറയാവുന്നത് ചെങ്കടലാണ്. എന്നാല്‍ ഏദന്‍, ഒമാന്‍, പേര്‍ഷ്യന്‍ എന്നീ ഉള്‍ക്കടലുകളിലും, ദൂരെ കിഴക്കു ഭാഗത്തുള്ള പാക്കിസ്ഥാന് തീരത്തിലും ഇവയെ കാണാറുണ്ട്. ആഫ്രിക്കയുടെ കിഴക്കന്തീരങ്ങളായ മൊസാമ്പിക്, ടാന്‍സാനിയ എന്നിവടങ്ങളിലും ഇവയെ കാണാന്‍ സാധിക്കും. പക്ഷെ ഇന്ത്യയിലും, മാലിദ്വീപ്, ജോര്‍ദാന്‍ ശ്രീലങ്ക, ലെബനന്, ഇസ്രായേല്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലും ഇവയ്ക്കു വാസസ്ഥലങ്ങളില്ല. അത് കൊണ്ട് തന്നെ ഇവ ഇവിടെ അലഞ്ഞുതിരിയുന്നതായാണ് കാണപ്പെടുന്നത്. കടലിനുള്ളിലേക്ക് 10 കിലോമീറ്റര്‍ കൂടുതല്‍ ദൂരം സാധാരണയായി ഇവ പറക്കാറില്ല. അപൂര്‍വമായി 140 കിലോമീറ്റര്‍ അകലെയുള്ള പുറംകടലുകളിലും കണ്ടതായി പറയപ്പെടുന്നുണ്ട്. തീരങ്ങളില്‍നിന്ന് വിട്ടുള്ള ശുദ്ധജലതടാകങ്ങളില്‍ ഇവ എത്താറില്ല.