വേണുജിയും അപര്‍ണ നങ്ങ്യാരും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാര നിറവില്‍
ഇരിങ്ങാലക്കുട: കൂടിയാട്ടം കുലപതി വേണുജിക്കും നങ്ങ്യാര്‍കൂത്ത് കലാകാരി അപര്‍ണ നങ്ങ്യാര്‍ക്കും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം. രംഗകലകള്ക്കായുള്ള സമഗ്ര സംഭാവനക്ക് നല്കുന്ന പുരസ്കാരമാണ് വേണുജിക്ക് ലഭിച്ചത്. 2022ലെ ഉസ്താദ് ബിസ്മില്ലാ ഖാന് യുവപുരസ്കാരത്തിന് അപര്‍ണ നങ്ങ്യാരും അര്‍ഹയായി. കൂടിയാട്ടം കലാകാരനായ വേണുജി ഇതര രംഗകലകളായ പാവക്കഥകളി, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ് തുടങ്ങിയ അപൂര്‍വ കലകളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഭാരതീയ നൃത്തങ്ങളെ രേഖപ്പെടുത്തുവാനുള്ള പ്രഥമ നോട്ടേഷന്‍ പദ്ധിതിക്ക് രൂപം നല്കി. കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ നൃത്തനാട്യകലകളിലെ കൈമുദ്രകളെ രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ കളരിയില്‍ രൂപം കൊണ്ട സ്വരവായു എന്ന അഭിനയ പരിശീലന പദ്ധതികള്‍ പഠനം നടത്തി കാലോചിതമായ മാറ്റങ്ങളോടെ നവരസസാധനക്ക് രൂപം നല്കി. ഇന്ത്യയിലെ എല്ലാ ശൈലികളിലുമുള്ള പ്രയോക്താക്കളെ പരിശീലിപ്പിച്ചു. ഏതാണ്ട് രണ്ടായിരത്തോളം യുവകലാപ്രതിഭകളുടെ അഭിനയത്തിന് മിഴിവേകി. രംഗകലകളുടെ സങ്കേതങ്ങളെ കുറിച്ച് ഇരുപതു ഗ്രന്ഥങ്ങള്‍ രചിച്ച വേണുജിയുടെ തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് തയ്യാറാക്കിയ മോണോഗ്രാഫ് കേന്ദ്ര സംഗീത നാടക അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്. ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും ആണ് പുരസ്കാരമായി നല്‍കുന്നത്. ഇരിങ്ങാലക്കുടക്കാരിയും കാലടി ശ്രീശങ്കര കോളജിലെ സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. അപര്‍ണ നങ്ങ്യാര്‍ അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ മകളാണ്.