വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കുറുപ്പന് വീട്ടില്‍ അജൂ വര്‍ഗീസിനെ (31 ) അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെയും ഇന്‍സ്പെക്ടര്‍ മനോജ് ഗോപിയുടെയും സംഘം ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതല്‍ സൗഹൃദത്തിലായതോടെ ഇയാള്‍ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടില്‍ നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. 2021 മെയ് മാസത്തിലും 2023 ഒക്ടോബറിലും ഇക്കഴിഞ്ഞ മാര്‍ച്ചിലും പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. മൊബൈല്‍ ഫോണില്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു. യുവതിനിയമ പരമായി നടപടികളുമായി പ്രതിക്കെതിരെ നീങ്ങിയതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
ആയൂര്‍വേദ മരുന്ന് ബിസിനസ് നടത്തുന്ന അജു പോലീസിന്റെ പിടിവീഴാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റഡയിലായി. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടു പോലും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പല സ്ഥലങ്ങളും മാറി മാറി താമസിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പോലിസ് സംഘം എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു. എസ്ഐ സി.എന്‍. ശ്രീധരന്, സീനിയര്‍ സിപിഒമാരായ ഇ.എസ്. ജീവന്, രാഹുല്‍ അമ്പാടന്‍, സിപിഒമാരായ കെ.എസ്. ഉമേഷ്, വിപിന്‍ വെള്ളാംപറമ്പില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.