ക്രൈസ്റ്റ് കോളജില്‍ പഞ്ചായത്ത് കാലാവസ്ഥ പാര്‍ലമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബ്രിംഗ് ബാക്ക് ഫൗണ്ടേഷന്റെയും, ക്രൈസ്റ്റ് കോളജിന്റെയും ഇകെഎന്‍ സെന്ററിന്റെയും സെന്റ് ജോസഫ് കോളജിന്റെയും ആഭിമുഖ്യത്തില്‍ കില നേതൃത്വം നല്കിയ പഞ്ചായത്ത് കാലാവസ്ഥ പാര്‍ലമെന്റ് പരിശീലന പരിപാടി ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
മുരിയാട്, കാറളം, പൂമംഗലം, പടിയൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ കാലവസ്ഥവ്യത്യാന ചര്‍ച്ചയില്‍ പങ്കെടുത്തു. കില പ്രൊഫസര്‍ ഡോ. മോനിഷ് ജോസ് പ്രോജക്റ്റ് പരിചയപ്പെടുത്തി. കിലയുടെ ഡിസാസ്റ്റര്‍ മാനേജ്മന്റ് കോര്‍ഡിനേറ്റര്‍ ഡോ. എസ്. ശ്രീകുമാര്‍ കിലയുടെ കാലാവസ്ഥ പ്രവര്‍ത്തന ഇടപെടലുകള്‍ വിശദീകരിച്ചു.
ബ്രിംഗ് ബാക്ക് ഗ്രീന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ അഖിലേഷ് അനില്‍കുമാര്‍, സ്റ്റേറ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ നിധിന് കൃഷ്ണ പഞ്ചായത്ത് കാലാവസ്ഥ പാര്‍ലമെന്റ് പരിചയപ്പെടുത്തി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഇകെഎന്‍ പ്രസിഡന്റും ഇന്ത്യന്‍ ആര്‍ച്ചറി ടീം സൈക്കോളജിസ്റ്റും ബിപിഇ ഡിപ്പാര്‍ട്ടമെന്റ് തലവനുമായ ഡോ. സോണി ജോണ്‍, മുന്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.മാത്യു പോള്‍ ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.