കഴിവുകളെ സ്വയം വളര്‍ത്താന്‍ ശ്രമിക്കുകയും അവ സമൂഹനന്മക്ക് വിനിയോഗിക്കപ്പെടുകയും വേണം- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സ്വതസിദ്ധമായി ലഭിച്ച കഴിവുകള്‍ വളര്‍ത്താന്‍ കുട്ടികള്‍ പരിശ്രമിക്കണം, മാത്രവുമല്ല ഇത്തരം കഴിവുകള്‍ സമൂഹനന്മക്ക് വിനിയോഗിക്കുകയും വേണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സേന്റ് സേവിയേഴ്സ് സിഎംഐ പബ്ലിക് സ്കൂളില്‍ നടന്ന കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന്റെ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
ദൈവം നല്കിയ കഴിവുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. കഴിവുകള്‍ സ്വയം വളര്‍ത്താന്‍ പരിശ്രമിക്കുമ്പോഴാണ് ഏതുമേഖയിലും വളര്‍ച്ച ഉണ്ടാകുകയുള്ളൂ. കഴിവുകള്‍ വളര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ സ്വതസിദ്ധമായി ലഭിച്ച ഈ കഴിവുകള്‍ അറിഞ്ഞോ അറിയാതെയോ നമ്മളില്‍ നിന്നും നഷ്ടപ്പെടുമെന്നും ബിഷപ് പറഞ്ഞു. രാഷ്ട്രീപിക ലിമിറ്റഡ് ഡയറക്ടര്‍ കെ.ഒ. ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോയ് വട്ടോളി സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥി ആയിരുന്നു. ദീപിക എഡിറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ പൈനാടത്ത് സിഎംഐ നന്ദിയും പറഞ്ഞു.