ഒരു വര്‍ഷത്തെ സമ്പാദ്യമുള്ള കാശുക്കുടുക്ക കൈമാറി ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ മാതൃകയായി
കല്പറമ്പ്: വടക്കുംകര ഗവ. യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും തമിഴ്നാട് സ്വദേശിയുമായ ടി. മഹിഷ എന്ന വിദ്യാര്‍ഥിനി തന്റെ ഒരു വര്‍ഷകാലത്തെ സമ്പാദ്യമായി സൂക്ഷിച്ചു വച്ചിരുന്ന കാശുക്കുടുക്ക വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് നല്‍കാനായി വിദ്യാലയത്തെ ഏല്പിച്ച് മാതൃകയായി. വയനാട് ദുരന്തം നടന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ദുരന്തബാധിതരെ എങ്ങിനെയെങ്കിലും സഹായിക്കണമെന്ന് കുടുംബത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.
തമിഴ്നാട് സ്വദേശികളായ തവീദ് രാജ -സില്‍വി ദമ്പതികളുടെ മകളാണ് മഹിഷ. കല്പറമ്പില് താമസമാക്കിയ ഇവരാണ് രണ്ടായിരം രൂപയോളം വരുന്ന കാശ്ക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എണ്ണിനോക്കുക പോലും ചെയ്യാതെ സംഭാവന ചെയ്തത്. പഴയ ഇരുമ്പുപകരണങ്ങളടക്കമുള്ള ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന തൊഴിലിലേര്‍പ്പെട്ട് ജീവിതം നയിക്കുന്നവരാണ് ഈ കുടുംബം.
വടക്കുംകര ഗവ. യുപി സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ വെച്ച് തുക പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിക്ക് കൈമാറി. പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, എംപിടിഎ പ്രസിഡന്റ് യമുന രമേഷ്, പ്രധാനാധ്യാപകന് ടി.എസ്. സജീവന് എന്നിവര്‍ സംസാരിച്ചു.