ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കുന്നുണ്ടോ; ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്ത്തിയെടുക്കുകയെന്ന് ലക്ഷ്യവുമായി നിപ്മറില്‍ ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്

നിപ്മറിവല് ആരംഭിച്ച ഫീഡിംഗ് ഡിസോഡര്‍ ക്ലിനികില്‍ കുട്ടികളെ ഭക്ഷണത്തോടുള്ള താല്‍പ്പര്യം വളര്‍ത്താന്‍ പരിശീലിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കുന്നുണ്ടോ. കഥകള്‍ പറഞ്ഞും പാചക പരീക്ഷണങ്ങള്‍ നടത്തിയും ഭക്ഷണത്തോടുള്ള താല്‍പ്പര്യം വളര്‍ത്താന്‍ ഇതാ ക്ലിനിക്. ഭക്ഷണങ്ങളുടെ രൂപത്തിലും രുചിയിലും മാറ്റം വരുത്തി കുട്ടികളെ ആകര്‍ഷിക്കും. കുട്ടികളിലെ പോഷണക്കുറവുനും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കുമെതിരെ ഫലപ്രദമായി ഇടപെടാന്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്മര്‍) ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക് ഒരുങ്ങി.
മന്ത്രി ആര്. ബിന്ദുവിന്റെ ഇടപെടലിനെ ത്തുടര്‍ന്ന് വിവിധ പദ്ധതികളാണ് നിപ്മറില്‍ നടപ്പാക്കുന്നത്. വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികള്‍ കഴിക്കാന്‍ കൂട്ടാക്കാറില്ല. ഇത് പോഷണക്കുറവിലേക്കും രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളില്‍ സഹായിക്കുന്നതിനുള്ള സംവിധാനമാണ് ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്. രണ്ടു വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ക്ലിനിക്കാണിത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
ഡയറ്റീഷന്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന ടീമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ൃത്വം. ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകള്‍ തയ്യാറാക്കുന്നതിനും രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം ഇടപെടും. ഡയറ്റീഷന്‍ ഓരോ കുട്ടിയുടെയും ഭക്ഷണ ശീലവും ക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ് അനുയോജ്യമായ മെനു തയ്യാറാക്കുന്നത്.
ഭക്ഷണവുമായി ബന്ധപ്പെട്ട ഇന്ദ്രീയ സംയോജന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് നിര്‍ദേശങ്ങള്‍ നല്‍കും. ഭക്ഷണവസ്തുകളുടെ മൃദുത്വം, രൂപം, രുചി എന്നിവ കുട്ടിക്ക് സ്വീകാര്യവും സുഖകരവുമാക്കി മാറ്റുന്നതിനും സഹായിക്കും. ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്പീച്ച് തെറാപ്പിസ്റ്റ് നല്‍കും.
കഥകള്‍, പാചക പരീക്ഷണങ്ങള്‍ എന്നിവയിലൂടെ കുട്ടികളില്‍ ഭക്ഷണത്തോടുളള താല്പര്യം വളര്‍ത്തുക, ചലന കഴിവുകള്‍, സമൂഹത്തോടുള്ള ഇടപെടലുകള്‍ എന്നിവ മെച്ചപ്പെടുത്തുക, ഭക്ഷണം സ്വയം കഴിക്കുന്നതിനുള്ള താല്പര്യം വളര്‍ത്തിയെടുക്കുക എന്നിവയ്ക്ക് സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ മേല്‍നോട്ടം വഹിക്കും. തുടക്കത്തില്‍ മൂന്നുമാസ പരിശീലന പദ്ധതിക്കാണ് നിപ്മര്‍ രൂപം നല്‍കിയിട്ടുള്ളത്. രജിസ്ട്രേഷനായി 9288099582 നമ്പറില്‍ ബന്ധപ്പെടാമെന്ന് നിപ്മര്‍ ഡയറക്ടര്‍ സി. ചന്ദ്രബാബു അറിയിച്ചു.