നോ പാര്‍ക്കിംഗ് മേഖലയില്‍ സ്കൂട്ടര്‍ വച്ചതിന്റെ പേരില്‍ ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാര്‍
ചികില്‍സ തേടിയെത്തിയ വയോധിക ദമ്പതികള്‍ നോ പാര്‍ക്കിംഗ് മേഖലയില്‍ സ്കൂട്ടര്‍ വച്ചതിന്റെ പേരില്‍ ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാര്‍; നടപടി നിയമവിരുദ്ധമെന്നും അന്വേഷിക്കുമെന്നും ആശുപത്രി വികസന സമിതിയില്‍ ഉന്നയിക്കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ വയോധിക ദമ്പതികള്‍ നോ പാര്‍ക്കിംഗ് മേഖലയില്‍ സ്കൂട്ടര്‍ വച്ചതിന്റെ പേരില്‍ വണ്ടിയില്‍ വച്ചിരുന്ന ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് ആശുപത്രി അധികൃതര്‍. ഒടുവില്‍ ഹെല്‍മെറ്റുകള്‍ വിട്ട് കൊടുത്തത് പിഴയും മാപ്പപേക്ഷയും നല്‍കിയതിന് ശേഷം. ഇതിനായി ആശുപത്രി വരാന്തയില്‍ കയറിയിറങ്ങേണ്ടി വന്നത് നാല് തവണ.
തൊമ്മാന ചാതേലി വീട്ടില്‍ ജോയ് (65), ഭാര്യ ക്ലാര (55) എന്നിവര്‍ക്കാണ് കടുത്ത അനുഭവം നേരിടേണ്ടി വന്നത്. ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെയാണ് ഹൃദ്രോഗി കൂടിയായ ജോയിയും ഭാര്യയും ചികില്‍സ തേടിയെത്തിയത്. ചികില്‍സയും മരുന്നുകളും നേടി സ്കൂട്ടറിന്റെ അടുത്ത് മൂന്ന് മണിയോടെ എത്തിയപ്പോഴാണ് ഹെല്‍മെറ്റുകള്‍ വണ്ടിയില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. അടുത്ത ദിവസം പൊതു പ്രവര്‍ത്തകനോടൊപ്പം ആശുപത്രിയില്‍ ഹെല്‍മറ്റ് തേടി എത്തിയപ്പോഴാണ് അപേക്ഷയും പിഴയും അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്.
വൈകീട്ട് അപേക്ഷയുമായി എത്തിയപ്പോള്‍ സൂപ്രണ്ടിനെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്നുവെന്നും ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് എത്തിയപ്പോള്‍ സൂപ്രണ്ട് ഇല്ലാതെ ഹെല്‍മറ്റുകള്‍ തരാന്‍ കഴിയില്ലെന്ന് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞതായും ജോയ് പറഞ്ഞു. സ്ഥലത്ത് ഇല്ലാതിരുന്ന സൂപ്രണ്ടിനെ ബന്ധപ്പെട്ടപ്പോള്‍ ഓഫീസില്‍ വിളിച്ച് പറയാമെന്ന് മറുപടി ലഭിച്ചു.തുടര്‍ന്ന് പന്ത്രണ്ട് മണിയോടെ വീണ്ടുമെത്തി പിഴയും അപേക്ഷയും നല്‍കിയപ്പോഴാണ് ഹെല്‍മറ്റുകള്‍ വിട്ട് നല്‍കിയത്.
അതേ സമയം അപേക്ഷയും പിഴയും ഈടാക്കുന്ന സമ്പ്രദായം നിയമപരമല്ലെന്നും അന്വേഷിക്കുമെന്നും ആശുപത്രി വികസന സമിതിയില്‍ വിഷയം ഉന്നയിക്കുമെന്നും വാര്‍ഡ് കൗണ്‍സിലറും മുന്‍ വൈസ്ചെയര്‍മാനും സമിതി അംഗവുമായ പി.ടി ജോര്‍ജ്ജ് അറിയിച്ചു. നോ പാര്‍ക്കിംഗ് പ്രദേശത്ത് വണ്ടി വച്ചതിന്റെ പിഴ ഈടാക്കുന്നത് സംബന്ധിച്ച് നിയമമില്ലെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
പൊതുപ്രവര്‍ത്തകരായ സാജു പാറേക്കാടന്‍, ലൂയീസ് തൊമ്മാന എന്നിവര്‍ ദമ്പതികളടെ ഒപ്പം സൂപ്രണ്ട് ഓഫീസില്‍ എത്തിയിരുന്നു. മക്കളില്ലാത്ത ജോയ് ക്ലാര ദമ്പതികള്‍ ചാലക്കുടിയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. വാടക കൂട്ടിയതിനെ തുടര്‍ന്ന് 2015 ല്‍ ഹോട്ടല്‍ നടത്തിപ്പ് നിറുത്തുകയായിരുന്നു.