ഇന്ന് നാളികേര ദിനം; പരാധീനതകള്‍ക്കു നടുവില്‍ ജില്ലയിലെ ഏക നാളികേര തൈ പരിപാലന കേന്ദ്രം
ഇരിങ്ങാലക്കുട: പരാധീനതകള്‍ക്കു നടുവിലും കാര്‍ഷിക കേരളത്തിന്റെ മാനം കാക്കുകയാണ് ഇരിങ്ങാലക്കുടയിലെ സര്‍ക്കാര്‍ നാളികേര തൈ പരിപാലന കേന്ദ്രം. ജില്ലയില്‍ കൃഷിവകുപ്പിന്റെ ഏക നാളികേര തൈ പരിപാലന കേന്ദ്രമാണിത്. ഷണ്മുഖം കനാല്‍ സ്തംഭം റോഡില്‍ സെന്റ് ജോസഫ്സ് കോളജിന് എതിര്‍വശത്ത് 1946 ല്‍ തുടങ്ങിയ ഈ സ്ഥാപനം കേരളത്തിന്റെ നാളികേര കൃഷിക്ക് നല്കിയ സംഭാവനകള്‍ ചെറുതല്ല.
വിവിധ ജില്ലകളിലേക്ക് വര്‍ഷത്തില്‍ എണ്‍പതിനായിരത്തോളം വ്യത്യസ്ത ഇനം തെങ്ങിന് തൈകളാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്. ആദ്യ കാലങ്ങളില്‍ വിവിധ ജില്ലകളില്‍നിന്നുള്ള കേര കര്‍ഷകര്‍ നേരിട്ടെത്തി തെങ്ങിന് തൈകള്‍ ഇവിടെ നിന്ന് വാങ്ങിയിരുന്നു. സര്‍ക്കാരിന്റെ ‘കേരകേരളം സമൃദ്ധ കേരളം’ പദ്ധതിയില്‍ വിവിധ ജില്ലകളിലെ കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യുന്ന തെങ്ങിന് തൈകള്‍ ഇവിടെയാണ് വളര്‍ത്തി എടുക്കുന്നത്.
ജില്ലയില്‍ ഏറ്റവും ഗുണമേന്മയുള്ള തേങ്ങ ലഭിക്കുന്ന ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ മേഖലയില്‍ നിന്നു ശേഖരിക്കുന്ന വിത്തു തേങ്ങകള്‍ ജൈവ രീതിയില്‍ മുളപ്പിച്ചെടുത്ത് ഒരു വര്‍ഷം പാകമാകുമ്പോഴാണ് വിതരണം ചെയ്യുന്നത്. ഡബ്ല്യുസിടി, ഹൈബ്രിഡ് ഇനങ്ങളായ ഡി ഇന്റു ടി, ചെന്തെങ്ങ് എന്നിവ വളര്‍ത്തുന്നത് ഇവിടെയാണ്. ഒരു വര്‍ഷം ശരാശരി ഒരു ലക്ഷത്തോളം വിത്ത് തേങ്ങകള്‍ ഇവിടെ എത്തിച്ച് വളര്‍ത്തി എടുക്കുന്നുണ്ട്.
ഡിസംബര്‍ മുതല്‍ മേയ് വരെയാണ് വിത്ത് തേങ്ങകള്‍ എത്തിച്ച് പോളിനേഷന് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് ഏക്കറില്‍ രണ്ടേമുക്കാല്‍ ഏക്കറില്‍ ആണ് ചെയ്യുന്നത്. ബാക്കി ഉള്ള സ്ഥലം കെട്ടിടങ്ങളാണ്. അഞ്ച് തൊഴിലാളികളാണ് ഉള്ളത്.
തെങ്ങിന് തൈ പരിപാലന കേന്ദ്രത്തിന് പുറമേ കാര്‍ഷിക ഉല്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് അംഗീകാരം നല്കുന്ന അഗ്മാര്‍ക്ക് ഗ്രേഡിങ് ലാബ്, നാളികേര കൃഷിക്കും നെല്‍ക്കൃഷിക്കും ആവശ്യമായ മിത്ര കീടങ്ങളെ ഉത്പാദിപ്പിക്കുന്ന പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനും കൃഷിഭവനും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
വിതരണം ചെയ്തത് 57545 തൈകള്‍, 5897750 രൂപ വരുമാനം
കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത 57545 തൈകളില്‍ നിന്നും 5897750 രൂപയാണ് വരുമാനം. ഡബ്ല്യുസിടി 100 രൂപയ്ക്കും, ഡി ഇന്റു ടി 250 രൂപയ്ക്കും, ചന്തെങ്ങ് 100 രൂപയ്ക്കും ആണ് വിതരണം ചെയ്തത്. ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിച്ചത് ഡബ്ല്യുസിടി ആണ്. അതില്‍ 55483 ഡബ്ല്യുസിടി ആണ്. ഡി ഇന്റു ടി 905 ഉം 1157 ചെന്തെങ്ങും. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനം ആണ് ഡബ്ല്യുസിടി. തൃശൂര്‍, പാലക്കാട് ജില്ലകളിലേയ്ക്കാണ് വിതരണമെങ്കിലും തൃശൂര്‍ ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വിതരണം നടന്നത്.
തൊഴിലാളികളുടെ കുറവ് ഉല്പാദനത്തിലും
ആകെ അഞ്ചു തൊഴിലാളികളാണ് ഉള്ളത്. ഒരു പുരുഷനും നാലു സ്്ത്രീകളും. തെഴിലാളികളുടെ എണ്ണത്തിലുള്ള കുറവുമൂലം വിത്തു തേങ്ങയുടെ പരിപാലനവും വിതരണവും വരുമാനവും കുറഞ്ഞു. 2023 ല്‍ 75000 തൈകള്‍ വിതരണം ചെയ്തിരുന്നത് 2024 ല്‍ 55000 തൈകളായി കുറഞ്ഞു.
നല്ലയിനം അത്യുത്പാദനശേഷിയുള്ള തെങ്ങിന് തൈകള്‍ ഉത്പാദിപ്പിച്ച് കേര കര്‍ഷകര്‍ക്ക് നല്‍കുക എന്നുള്ളതാണ് ലക്ഷ്യം. കൃഷിഭവനുകള്‍ മുഖേനയാണ് ഇവിടെ നിന്നുള്ള അത്യുത്പാദനശേഷിയുള്ള തെങ്ങിന് തൈകള്‍ വിതരണം നടത്തുന്നത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് കോക്കനട്ട് നഴ്സറികളില്‍ അതില്‍ ഏറ്റവും കുറവ് സ്ഥലമുള്ളത് ഇരിങ്ങാലക്കുടയിലേതാണ്. എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഫാമും ഇതാണ്. ഏറ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഈ നഴ്സറിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.