സ്പോര്‍ട്സ് മോസ്ക്വിറ്റ് മത്സരത്തില്‍ ആവേശകരമായ പങ്കാളിത്തമായി അവിട്ടത്തൂര്‍ എന്‍എസ്എസ്, സ്കൗട്ട് വിദ്യാര്‍ഥികള്‍
അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള സ്പോര്‍ട്സ് മോസ് ക്വിറ്റ് മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് വിദ്യാര്‍ഥികളുടെ ആവേശകരമായ പങ്കാളിത്തം. സ്പോര്‍ട്സിനെ പകര്‍ച്ചവ്യാധി തടയാന്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്തില്‍ നൂതനമായി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് മോസ് ക്വിറ്റ് മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് വിഭാഗം കുട്ടികള്‍ ആവേശത്തോടെ പങ്കാളികളായി.
പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ നടന്ന മത്സരത്തിലാണ് നൂറോളം കുട്ടികള്‍ പങ്കെടുത്തത്. രണ്ടു വാര്‍ഡുകളിലും എല്ലാ വീടുകളും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ കുട്ടികള്‍ സന്ദര്‍ശിക്കുകയും കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി വീട്ടുകാരുടെ സഹായത്തോടെ നശിപ്പിക്കുകയും ചെയ്തു. അതീവ ഉത്സാഹത്തോടെ പങ്കെടുത്ത കുട്ടികള്‍, വീടുകളില്‍ തുടര്‍ന്ന് കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതെ നോക്കും എന്ന വീട്ടുകാരുടെ ഉറപ്പ് നേടിയാണ് തിരികെയെത്തിയത്.
വാര്‍ഡ് മെമ്പര്‍ സി.ആര്. ശ്യാംരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എ. സ്മാര്‍ട്ട്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്. സുധീര്‍, സ്കൗട്ട് പ്രോഗ്രാം ഓഫീസര്‍ പി.എല്‍. ബിബി എന്നിവര്‍ പങ്കെടുത്തു. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി കൂടുതല്‍ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന ടീമിന് വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ക്യാഷ് അവാര്‍ഡ് ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് ആണ്. വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കുടുബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സ്പോര്‍ട്സ് മോസ് ക്വിറ്റ് മത്സരത്തില്‍ എട്ടു വാര്‍ഡുകളില്‍ ഇതിനകം മത്സരം നടന്നു.