കിണറുകളില്‍ രാസമാലിന്യം; ഇല്ലാതായത് 67 കുടുംബങ്ങളിലെ കുടിവെള്ളം
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യത, ആശങ്കയോടെ ഗ്രാമവാസികള്‍
കാട്ടൂര്‍: കണ്മുന്നിലെ കിണറുകളില്‍ വെള്ളമുണ്ടായിട്ടും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ 67 കുടുംബങ്ങള്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവിടുന്ന രാസമാലിന്യം പരിസരത്തെ കിണറുകളിലേക്കൊഴുകി കിണറുകള്‍ മലിനമായതാണ് കാരണം. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന തെക്കേക്കര വിന്‍സെന്റ്, തേക്കലപറമ്പില് പ്രഭാകരന് എന്നിവരുടെ കിണര്‍ ജലം അപകടകരമായ രീതിയില്‍ പാടകെട്ടുകയും നിറം മാറുകയും ജലത്തിന് ഗന്ധം അനുഭവപ്പെടുകയും ചെയ്തതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
മെയ് മാസത്തില്‍ മഴ ആരംഭിച്ചതോടെയാണ് വിന്‍സെന്റിന്റെ വീട്ടിലെ കിണറില്‍ നിറവ്യത്യാസം കണ്ടുതുടങ്ങിയത്. ഏകദേശം അമ്പതിലധികം വര്‍ഷം പഴക്കമുള്ള കിണറാണ് കുടിവെള്ളത്തിനും മറ്റുമായി വിന്‍സെന്റും കുടുംബവും ഉപയോഗിക്കുന്നത്. ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും വീട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതോടെ പരിസരത്തെ 70 കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോഴാണ് രാസമാലിന്യം അപകടകരമാം വിധം കിണറ്റിലെ വെള്ളത്തിലുണ്ടെന്ന് കണ്ടെത്തിയത്. ഒരുപാടു ഭക്തജനങ്ങള്‍ വരുന്ന തൊട്ടടുത്ത വാദ്യക്കുടം ശിവക്ഷേത്രത്തിലെയും സമീപത്തെ 65 വീടുകളിലെയും കിണര്‍ജലം കുടിവെള്ള യോഗ്യമല്ല എന്ന് പരിശോധനയില്‍ കണ്ടെത്തി.
പിഎച്ച് മൂല്യം അഞ്ചിനു താഴെ, മാരക ലോഹങ്ങള്‍ അളവില്‍ കൂടുതലും
6.5 മുതല്‍ 8.5 പിഎച്ച് വരുന്ന വെള്ളം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവൂ. അല്ലെങ്കില്‍ അത് എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം, നെഞ്ചരിച്ചില്‍, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനരാഹിത്യം തുടങ്ങിയ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇവിടങ്ങളിലെ വെള്ളത്തിന്റെ പിഎച്ച് മൂല്യം അഞ്ചിനു താഴെയാണ്. തെക്കേക്കര വിന്‍സെന്റിന്റെ കിണര്‍ജലം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ചപ്പോള്‍ സിങ്ക്, മാംഗനീസ് തുടങ്ങിയ ലോഹങ്ങളും ആര്‍സനിക് എന്ന അതീവ അപകടകാരിയായ ലോഹവും അളവില്‍ കവിഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തി.
അപകടകാരിയായ അമോണിയ നൈട്രേറ്റ്, സള്ഫേറ്റന്റെ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കുടിവെള്ളം യോഗ്യമല്ലെങ്കില്‍ ആ സ്ഥലം താമസയോഗ്യമല്ല എന്നാണര്‍ഥം. ഇത് മിനി എസ്റ്റേറ്റിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബാധിക്കും. കിണറുകള്‍ മാത്രമല്ല മറ്റു ജലസ്രോതസും മലിനമായിരിക്കുകയാണ്.
പരാതികളേറെ, നടപടിയില്ല, പരസ്പരം പഴിചാരല്‍ മാത്രം
1974 ല്‍ ആരംഭിച്ച് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടഞ്ഞു കിടക്കുന്ന ഒരെണ്ണം ഒഴികെ 12 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കീര്‍ത്തി ഇന്‍ഡസ്ട്രീസ്, ബാലാജി എന്റര്‍പ്രൈസസ്, റെയിന്‍ബോ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. അഞ്ചാം വാര്‍ഡ് അംഗം മോളി പീയൂസിന്റെ നേതൃത്വത്തില്‍ ജനകീയമുന്നണി രൂപീകരിച്ചു.
പഞ്ചായത്ത്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, എഡിഎം, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ഡിഎംഒ, കളക്ടര്‍, മന്ത്രി ഡോ. ആര്. ബിന്ദുവിനും ആരോഗ്യമന്ത്രി, സിഡ്കോ ജില്ലാ വ്യവസായ കേന്ദ്രത്തിനും പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും പരാതി നല്കി. എന്നാല്‍ നാളിതുവരെയായി കാര്യമായ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നു മാത്രമല്ല പരസ്പരം പഴിചാരി ഉത്തരവാദിത്തമൊഴിയുന്ന തരത്തിലുള്ള മറുപടിളാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ബഹുജന പ്രതിഷേധ സദസ് നടന്നു.
ശാശ്വതപരിഹാരം കാണും, ടി.വി. ലത (പഞ്ചായത്ത് പ്രസിഡന്റ്)
കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന വിഷയം നാളെ നടക്കുന്ന പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജനങ്ങളുടെ ദുരിതം അകറ്റുന്നതിനും പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനും നടപടികള്‍ സ്വീകരിക്കും.