നഗരമധ്യത്തിലെ വസ്ത്രശാലയില്‍ തീപ്പിടിത്തം; ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു
ലക്ഷങ്ങളുടെ നഷ്ടം
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ വസ്ത്രശാലയില്‍ തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിനു സമീപം കൂടല്‍മാണിക്യംക്ഷേത്രം റോഡില്‍ പ്രവര്‍ത്തിക്കുന്ന മുരുകന്‍സ് സില്‍ക്സ് ആന്‍ഡ് സാരീസ് ടെക്സ്റ്റയില്‍സിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ തീപ്പിടിത്തം ഉണ്ടായത്. ഷോറൂമിന്റെ പിന്നിലെ ഗോഡൗണിനോടുചേര്‍ന്ന് ഷീറ്റുകൊണ്ടുമറച്ചിരുന്ന മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനറേറ്ററിനാണ് ആദ്യം തീപിടിച്ചത്.
ഇതുവഴി നടന്നുപോയിരുന്ന പരിസരവാസി പുക ഉയരുന്നതുകണ്ട് കട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്നിന്നും കൊടുങ്ങല്ലൂരില്‍നിന്നും എത്തിയ രണ്ട് ഫയര്‍ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്. ജനറേറ്ററും വസ്ത്രശാലയുടെ ഗോഡൗണിന്റെ പുറകിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ ഒരു സ്കൂട്ടറും സൈക്കിളും ഉണ്ടായിരുന്നതായും ഇവയും കത്തിനശിച്ചതായി ഫയര്‍ യൂണിറ്റിലെ ജീവനക്കാര്‍ പറഞ്ഞു. സംഭവസമയത്ത് ഉടമയും മൂന്നു ജീവനക്കാരും കടയില്‍ ഉണ്ടായിരുന്നു. പുറകില്നിന്നുള്ള പുക ഷോറൂമിന്റെ മുന്‍വശത്തേക്കും എത്തിയിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും ഓണവ്യാപാരം കണക്കിലെടുത്ത് എത്തിച്ച സ്റ്റോക്കാണ് കത്തിനശിച്ചതെന്നും പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഉടമ ഷണ്മുഖം പറഞ്ഞു. സംഭവസമയത്ത് വൈദ്യുതി ഉണ്ടായിരുന്നുവെന്നും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
തുണിത്തരങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടര്‍ ഇളക്കിമാറ്റിയാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ അകത്തുകയറിയത്. ദീര്‍ഘകാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള മുരുകന് സില്‍ക്സിന്റെ നവീകരിച്ച ഷോറൂം മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ലീഡിംഗ് ഫയര്മാന് സജയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട അഗ്നിശമനസേന യൂണിറ്റില്‍നിന്നുള്ള അഞ്ചുപേരും കൊടുങ്ങല്ലൂര്‍ യൂണിറ്റിലെ ഫയര്മാന് സുധന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നാലുപേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കി.