ഇല്ലിക്കല്‍, കൊറ്റംകോട്ടുവളവ് റെഗുലേറ്ററുകളുടെ നവീകരണം: നബാര്‍ഡ് ഏറ്റെടുക്കുവാനുള്ള സാധ്യത മങ്ങി
കരുവന്നൂര്‍: കരുവന്നൂര്പ്പുഴയ്ക്കു കുറുകെയുള്ള ഇല്ലിക്കല്‍, കൊറ്റംകോട്ടുവളവ് റെഗുലേറ്ററുകള്‍ നവീകരിക്കുന്നതിനായി ഇറിഗേഷന്‍ വിഭാഗം സമര്‍പ്പിച്ച പദ്ധതി നബാര്‍ഡ് ഏറ്റെടുക്കാനുള്ള സാധ്യത മങ്ങി. കൊറ്റംകോട്ടുവളവ് റെഗുലേറ്ററിന് 414.40 ലക്ഷവും ഇല്ലിക്കലിന് 392.90 ലക്ഷവുമടക്കം 807.36 ലക്ഷം രൂപയുടെ പദ്ധതിയാണ് ജലസേചനവകുപ്പ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇതുവരെയും നബാര്‍ഡ് പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ബജറ്റിലൂടെയോ മറ്റ് ഏതെങ്കിലും ഫണ്ട് ഉപയോഗിച്ചോ രണ്ട് റെഗുലേറ്ററുകളും നവീകരിക്കേണ്ടിവരും.
നേരത്തെ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ ജലസേചനവകുപ്പ് ശ്രമം നടന്നിരുന്നു. കൊറ്റംകോട്ടുവളവ് റെഗുലേറ്ററിന് 2.86 കോടിയുടെയും ഇല്ലിക്കലിന് 2.84 കോടിയുടെയും പദ്ധതിയും സമര്‍പ്പിച്ചിരുന്നു. ഇതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും കരാര്‍ ഏറ്റെടുത്ത കെഇഎല്‍ പണി ആരംഭിക്കാത്തതിനാല്‍ ഫണ്ട് റദ്ദായി. തുടര്‍ന്നാണ് ജലസേചനവകുപ്പ് നബാര്‍ഡിന് പുതിയ പദ്ധതി സമര്‍പ്പിച്ചത്.
ഷട്ടറുകള്‍ ദ്രവിച്ച നിലയില്‍
കാലപ്പഴക്കംകൊണ്ട് റെഗുലേറ്ററുകളുടെ ഷട്ടറുകള്‍ക്ക് ഇരുവശത്തുമുള്ള ഇരുമ്പുപാളികളും ചങ്ങലയുമെല്ലാം തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. കൊറ്റംകോട്ടുവളവ് റെഗുലേറ്ററിന് പന്ത്രണ്ടും ഇല്ലിക്കല്‍ റെഗുലേറ്ററില്‍ പതിനഞ്ചും ഷട്ടറുകളാണുള്ളത്. അടിയന്തര സാഹചര്യം വന്നാല്‍ റെഗുലേറ്ററുകളുടെ ഷട്ടറുകള്‍ പെട്ടെന്ന് തുറക്കാന്‍ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ത്തന്നെ സമ്മതിക്കുന്നു. കൈകൊണ്ട് തിരിച്ചുവേണം ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും. കോണ്‍ക്രീറ്റു ഭിത്തിയില്‍ ഉരഞ്ഞ് ഷട്ടറുകള്‍ കയറ്റാനാകുന്നില്ല.
ഇല്ലിക്കല്‍ റെഗുലേറ്ററില്‍ വീതി കുറഞ്ഞ വഴിയായതിനാല്‍ ക്രെയിന്‍ കൊണ്ടുവന്ന് ഷട്ടര്‍ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം ഉണ്ടായ ശക്തമായ മഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ജെസിബി കൊണ്ടു വന്ന് ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമം നടന്നിരുന്നു. കൃത്യസമയത്ത് ഷട്ടറുകള്‍ തുറക്കാന്‍ കഴിയാതിരുന്നതാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുവാന്‍ കാരണമായതെന്ന് നാട്ടുക്കാര് ആരോപിച്ചിരുന്നു. കോള്‍നിലങ്ങള്‍ക്ക് ആശ്രയമായതാണ് ഈ റെഗുലേറ്ററുകള്‍ 13,500 ഹെക്ടര്‍ വരുന്ന എട്ടുമന, അന്തിക്കാട്, ആലപ്പാട, പുള്ള്, എനാമാവ്, ഇടിയഞ്ചിറ, മുല്ലശേരി, പാവറട്ടി തുടങ്ങിയ കോള്‍നിലങ്ങളിലേക്ക് നെല്‍കൃഷിക്ക് വെള്ളം നല്‍കുന്നതിനായാണ് ഇല്ലിക്കല്‍ റെഗുലേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.