ഇരിങ്ങാലക്കുട സ്വദേശി മുംബൈ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് ചെയര്മാന്
ഇരിങ്ങാലക്കുട: മുംബൈ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുട സ്വദേശി. കൊരുമ്പിശേരി തൈവളപ്പില്‍ മാക്കുണ്ണിയുടെ മകനായ ടി.എം. ജഗദീഷാണു കോര്പ്പറേഷന് ചെയര്‍മാനായി ചുമതലയേറ്റത്.
2022 ഫെബ്രുവരി വരെയാണു കാലാവധി. മഹാരാഷ്ട്ര സ്വദേശിയായ നക്കാസേയെ മാറ്റിയാണു ശിവസേന നേതൃത്വം ജഗദീഷിനെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തത്. 2017ല്‍ നടന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ശിവസേന പ്രതിനിധിയായി ധാരാവി ഡിവിഷനില്‍ നിന്നാണു ജഗദീഷ് തെരഞ്ഞെടുക്കപ്പെട്ടത്. ദാദര്‍, മാഹിം, ധാരാവി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മുംബൈ നോര്‍ത്ത് കോര്‍പ്പറേഷനില്‍ 17 വാര്‍ഡുകളാണു ഉള്ളത്. ശിവസേന സ്ഥാനാര്‍ഥിയായി കന്നി അങ്കത്തിനിറങ്ങിയ ജഗദീഷ് മഹാരാഷ്ട്രയിലെ ബിജെപി സെക്രട്ടറിയായ സഞ്ജയ് ഉപാധ്യായയെ 685 വോട്ടുകള്‍ക്കു തോല്‍പ്പിച്ചാണു വിജയിച്ചത്.
കോവിഡിനെ ചെറുക്കാന്‍ ജഗദീഷ് അടക്കമുള്ളവര്‍ ധാരാവിയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ജഗദീഷിനു വളരെ അടുത്ത ബന്ധമാണുള്ളത്. 40 വര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാണ്. കോര്പ്പറേഷന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നു ജഗദീഷ് പറഞ്ഞു. ധാരാവിയില്‍ ഭാര്യ തുളസിക്കും മകന് ആനന്ദിനുമൊപ്പമാണു താമസം.