ഉരിയച്ചിറ കുളത്തിന്റെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നഗരസഭ 15-ാം വാര്‍ഡ് ഉരിയച്ചിറ കുളത്തിന്റെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. നഗര അതിര്‍ത്തിയിലുള്ള ഈ ജലാശയത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ഈ പ്രദേശം മനോഹരമായിരിക്കുമെന്നും അതു നമ്മുടെ നഗരത്തിന്റെ യശസ് ഉയര്‍ത്തുമെന്നും ചെയര്‍പേഴ്സണ്‍ യോഗത്തില്‍ അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി അധ്യക്ഷത വഹിച്ചു. 2019-20 ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ടു പദ്ധതികളായിട്ടാണു ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും അതില്‍ സംരക്ഷണ ഭിത്തിയുടെ പണികള്‍ പൂര്‍ത്തീകരിച്ചെന്നും അടുത്ത ഘട്ടത്തില്‍ പടവുകള്‍ കെട്ടിയും മുകള്‍ഭാഗവും വശങ്ങളും ടൈല്‍സ് വിരിച്ചും സ്റ്റീല്‍ ഹാന്‍ഡ് ഗ്രില്ലുകള്‍ പിടിപ്പിച്ചു കുളത്തിന്റെ വശങ്ങള് മനോഹരമാക്കുന്ന പ്രവര്‍ത്തികളാണു പൂര്‍ത്തീകരിക്കാനുള്ളതെന്നും വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി അറിയിച്ചു. ഈ പ്രദേശത്തെ ജനകീയ ആവശ്യമായ അപകടവളവ് പോരായ്മകള്‍ നികത്തി നേരെയാക്കണമെന്നു അധികാരികളോടു വാര്‍ഡംഗം അഭ്യര്‍ഥിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുര്യന് ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. വി.സി. വര്‍ഗീസ്, അഡ്വ. പി.ജെ. തോമാസ്, ജസ്റ്റിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.