കുഴിയില്‍ ചാടാതെ പോകാം. അരിപ്പാലം-മതിലകം റോഡില്‍ ടാറിടല്‍ തുടങ്ങി.
കല്പറമ്പ് കോളനി മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്ത് ടാറിടല്‍ തുടങ്ങി
അരിപ്പാലം: അരിപ്പാലം-മതിലകം റോഡില്‍ ടാറിടല്‍ തുടങ്ങി. തകര്‍ന്നുകിടന്ന കല്പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ ജോലികളാണു ആരംഭിച്ചത്. ടാറിടല്‍ വൈകുന്നതില്‍ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു. 2019 മാര്‍ച്ചില്‍ പൂമംഗലം പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ ഒരുഭാഗം മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്തതിനെത്തുടര്ന്നാണു റോഡ് തകര്‍ന്നത്. പിന്നീട് കാലവര്‍ഷത്തില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റോഡില്‍ കരിങ്കല്‍പ്പൊടി ഇട്ട് പ്രശ്നം താത്കാലികമായി പരിഹരിച്ചിരുന്നു. കഴിഞ്ഞ ജൂലായില്‍ റോഡില്‍ പൂര്‍ണമായും മെറ്റലിട്ടു. എന്നാല്‍ ടാറിടല്‍ വൈകുന്നതു നാട്ടുകാരില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 10 ദിവസമെങ്കിലും മഴ മാറി നിന്നാലേ മെക്കാഡം ടാറിടല്‍ നടത്താന്‍ കഴിയുവെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വെള്ളാങ്കല്ലൂര്‍ മുതല്‍ മതിലകം അറാട്ടുകടവു വരെ 6.4 കിലോമീറ്റര്‍ റോഡാണു അഞ്ചരമുതല്‍ ആറുമീറ്റര്‍ വരെ വീതിയില്‍ മെക്കാഡം ടാറിംഗ് നടത്തുന്നത്. ഇതിനായി 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണു തകര്‍ന്നുകിടക്കുന്ന കല്പറമ്പ് മുതല്‍ വളവനങ്ങാടി വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡ് വീതികൂട്ടി ടാറിടുന്നത്.