തെരഞ്ഞെടുപ്പ് :പാർട്ടി അധിഷ്ഠിത പിന്തുണയല്ല, മറിച്ചു പ്രശ്നാധിഷ്ഠിത പിന്തുണ- ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അധിഷ്ഠിത പിന്തുണയല്ല, മറിച്ചു പ്രശ്നാധിഷ്ഠിത പിന്തുണയാണു സഭ നല്കുകയെന്നു ഇരിങ്ങാലക്കുട രൂപത രാഷ്ട്രീയകാര്യ കമ്മിറ്റി. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വോട്ടു ബാങ്കായി മാറാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നു പുറത്തിറക്കിയ രാഷ്ട്രീയകാര്യ കമ്മിറ്റിയുടെ കുറിപ്പില്‍ പറയുന്നു.
കുറിപ്പില്‍ നിന്ന്: ക്രൈസ്തവരെ ആസൂത്രിതമായി ഒറ്റപ്പെടുത്തുകയും തകര്‍ക്കുകയുമാണു ചില ശക്തികളും കേന്ദ്രങ്ങളും. അതിക്രൂരമായ വിവേചനത്തിനു ക്രൈസ്തവര്‍ വിധേയരാക്കപ്പെടുന്നു. ക്രൈസ്തവരെ സഹായിക്കുമെന്നും ഭരണഘടന അനുസരിച്ച് വളര്‍ത്തുമെന്നു പരമ്പരാഗതമായി കരുതിയിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമുദായങ്ങളെ മാത്രം പ്രീണിപ്പിക്കുവാന്‍ ഉതകുന്ന ആത്മാര്‍ഥതയില്ലാത്ത നയസമീപനവുമായി മുന്നോട്ടു പോകുന്ന ദയനീയ കാഴ്ചയാണു കാണുന്നത്. ക്രൈസ്തവര്‍ നേരിടുന്ന ഗൗരവമായ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍ രാഷ്ട്രീയ രംഗത്തു പുതിയ നിലപാടുകള്‍ സ്വീകരിക്കുന്നതിനു നിര്‍ബന്ധിതരാവുകയാണ്. നിലനില്‍പ്പിനായി ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ദേശീയ പക്ഷത്തെയും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ‘സാമുദായിക പക്ഷം’ എന്ന പ്രശ്നാധിഷ്ഠിത കാഴ്ചപ്പാട് ഇനിമേല്‍ സ്വീകരിക്കേണ്ടതുണ്ട്. ഇടതു-വലതു-ബിജെപി രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രൈസ്തവരുടെ ആവശ്യങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല. 49 ലക്ഷം സീറോ മലബാര്‍ കത്തോലിക്കരുണ്ടായിട്ടും ഒരു വലിയ വോട്ടുബാങ്കാണെന്നു അവര്‍ക്കു തോന്നിയിട്ടില്ല എന്ന വസ്തുത ഗൗരവമായി കാണേണ്ടതാണ്. ക്രിസ്ത്യന്‍ നാമധാരികളായ ജനപ്രതിനിധികളും ക്രൈസ്തവരുടെ കൂടി വോട്ടു നേടിക്കൊണ്ടു ഭരണം കൈയാളുന്ന രാഷ്ട്രീയ പാര്‍ട്ടികളും സഭയുടെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നില്ല. മതത്തിന്റെ പേരു പറഞ്ഞു മാത്രം വോട്ടു നേടാന്‍ കഴിയും എന്നു മനസിലാക്കിയ ചില രാഷ്ട്രീയ സാമുദായിക സംഘടനകള്‍ സ്വജനപക്ഷപാതത്തിലേക്കും തീവ്രവര്ഗീയതയിലേക്കും കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നു എന്നതു സഭയില്‍ ആശങ്ക ഉളവാക്കുന്നു. തീവ്ര വര്‍ഗീയ ശക്തികളെയും നിരീശ്വരവാദികളെയും സഭ അംഗീകരിക്കുന്നില്ല. വര്‍ഗീയതയും നിരീശ്വരത്വവും വോട്ടു ബാങ്കാക്കി മാറ്റുന്നതിനെ സഭ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. അതേസമയം സഭയുടെ ധാര്‍മിക നിലപാടുകളോടു ചേര്‍ന്നു പോകുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ട്. ‘ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചുസഹായിക്കും’ എന്ന സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന, സഭയുടെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നില്‍ക്കുന്നവരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സഹായിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നുണ്ട്.
ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥ പഠിക്കാന്‍ സംസ്ഥാനതല കമ്മിഷനെ നിയമിച്ച ഇടതുപക്ഷ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിനോടൊപ്പം 80:20 എന്ന വിവേചനത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒരു മതസമൂഹത്തിനു മാത്രമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവര്‍ക്കും കൂടി അവകാശപ്പെടുന്ന ന്യൂനപക്ഷ പദ്ധതികളില്‍ ജനസംഖ്യ ആനുപാതികമായ പങ്കുവെക്കല്‍ സാധ്യമാക്കണം. സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ്) പിഎസ്സി പോലുള്ള പരീക്ഷകളില്‍ 2020 ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക. ഭൂമിയുടെ അളവില്‍ കേന്ദ്ര മാനദണ്ഡം പിന്തുടരുക.
കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണങ്ങളെ തടയിടാനും ഒപ്പം മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കണം. ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി ഉള്‍പ്പെടുത്തി അവിടുത്തെ ജനജീവിതം ദുസഹമാക്കുന്ന നിയമ നടപടികൾ ഉടന്‍ പിന്‍വലിക്കണം. അന്യായമായി സഭയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നിയമനടപടി സ്വീകരിക്കണം. അധ്യാപക നിയമനത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ എടുത്ത നടപടികള്‍ സ്വാഗതാര്‍ഹമാണ്. അതേസമയം നല്കിയ ഉറപ്പുകള്‍ താമസം കൂടാതെ പാലിക്കണം. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ വിവിധ തസ്തികകളില്‍ ആനുപാതികമായ ക്രൈസ്തവ സാന്നിധ്യം തുല്യതയോടെ ഉറപ്പാക്കണം. നമ്മോടൊപ്പം ഉണ്ടെന്നു കരുതുന്നവര്‍ നിര്‍ണായക സന്ദര്‍ഭങ്ങളിലും വിഷയങ്ങളിലും നമ്മെ തന്ത്രപൂര്‍വം കൈവിടുന്ന അവസ്ഥയാണു ഉള്ളത്. വിധി പറയാന്‍ സമയമാകുന്നു: അലംഭാവം അരുത് എന്ന ആഹ്വാനത്തോടെയാണു കുറിപ്പ് അവസാനിക്കുന്നത്.