ടൗണിലെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: ടൗണിലെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായി പരാതി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ, പെരുവല്ലിപ്പാടം, ബസ് സ്റ്റാൻഡ്, മുനിസിപ്പൽ മൈതാനത്തിനു സമീപം തുടങ്ങിയ പ്രദേശങ്ങളിലാണു ഇത്തരക്കാരുടെ ശല്യം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ ദിവസം പെരുവല്ലിപാടത്തെ കുടിവെള്ള ടാങ്ക് തകർത്തിരുന്നു. കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച മോട്ടോറിന്റെ ഫ്യൂസ് ഊരിക്കൊണ്ടുപോവുകയും പൈപ്പുകൾ പൊട്ടിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസം മുമ്പ് ക്രൈസ്റ്റ് കോളജനിടുത്തുള്ള ഹോട്ടലിൽ വച്ച് വില കൂടിയ മൊബൈൽ കൈവശം കണ്ട യുവാവിനെ കത്തി ചൂണ്ടിക്കാണിച്ച് താൻ കൊലക്കേസ് പ്രതിയാണെന്നു പറഞ്ഞ് മൊബൈൽ തട്ടിയെടുത്തിരുന്നു. ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇടയ്ക്കിടെ മദ്യലഹരിയിൽ പരസ്പരം അസഭ്യവർഷം നടത്തുന്നതിനൊപ്പം തമ്മിൽ തല്ലുമുണ്ടാകാറുണ്ട്. രണ്ടാഴ്ച മുമ്പ് നഗരസഭാ മന്ദിരത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചക്കായിരുന്നതിനാൽ അധികം പേരും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സംഘടനത്തിൽ ഒരാളുടെ തലക്ക് പരിക്കു പറ്റിയിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണം, കൊലപാതകശ്രമം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിപട്ടികയിൽ ഉൾപ്പെട്ടവരാണവർ. രാപ്പകൽ വ്യത്യാസമില്ലാതെ ചെറുപ്പക്കാർ ലഹരി പദാർഥങ്ങൾ ഉപയോഗവും മറ്റുമായി ടൗണിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഇവിടെ തമ്പടിക്കുകയാണ്. ലഹരി പദാർഥങ്ങളുടെ വില്പനയാണു ഇവരിൽ പലരുടെയും വരുമാന മാർഗം. സാമൂഹ്യവിരുദ്ധരെ ഭയന്ന് പലരും ഭീതിയോടെയാണു സഞ്ചരിക്കുന്നത്. രാത്രിയിൽ പലയിടത്തും തെരുവുവിളക്കുകളിൽ ഭൂരിഭാഗവും പ്രകാശിക്കാത്തതും ഇക്കൂട്ടർക്കു സഹായകരമായിട്ടുണ്ട്. വീടു കയറി ആക്രമണം, തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ, പലിശപണം പിരിക്കൽ, മണ്ണ് മാഫിയക്കാർക്കുള്ള സംരക്ഷണം തുടങ്ങിയവയാണു ഇവരുടെ പ്രധാന ഇടപാടുകൾ. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.