കണ്ടുകണ്ടങ്ങ് ഇരിക്കും നേതാക്കളെ മറ്റു പാര്‍ട്ടിയില്‍ കാണുന്ന കാലം!
ഇരിങ്ങാലക്കുട: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായതോടെ അണിയറയില്‍ കൂടുമാറ്റങ്ങളുടെ ചിത്രവും തെളിയുന്നു. ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍, കൊടുക്കാന്‍ തയാറായ പാര്‍ട്ടിയിലേക്ക് മാറിയാണ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തോട് ‘കൂറ്’ പുലര്‍ത്തുന്നത്. വേളൂക്കരയില്‍ കോണ്‍ഗ്രസ് നേതാവിനെ ഇടതുപാളയത്തിലെത്തിച്ചു സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഇടതുപാര്‍ട്ടിയുടെ ബ്രാഞ്ചു സെക്രട്ടറിയെ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാക്കിയാണ് അവര്‍ പകരം വീട്ടിയത്. ഏത് അടവാണ് വിജയിക്കുകയെന്നറിയാന്‍ ഡിസംബര്‍ 16 വരെ കാത്തിരിക്കേണ്ടിവരും. ഇതിനിടയില്‍ ജയിക്കാനായി പൂഴിക്കടകന്‍ പ്രയോഗിക്കുന്നവര്‍ ആരാകുമെന്ന് കാത്തിരുന്നു കാണാം. ആദര്‍ശം മാറിയാലും പാര്‍ട്ടി മാറിയാലും നേതാക്കള്‍ മാറണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിച്ചാല്‍ ആരെയും കുറ്റംപറയാനാകില്ല.
വലതുമാറി, ഇടതുവച്ച്….
കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്തംഗം ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി
വെള്ളാങ്കല്ലൂര്‍ ബ്ലോക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച തോമസ് കോലങ്കണ്ണി ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ തവണ വേളൂക്കര പഞ്ചായത്തില്‍ തുമ്പൂര്‍ ഡിവിഷനില്‍ നിന്നും 758 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2015 ല്‍ കൈപ്പത്തി ചിഹ്നത്തിലാണു മല്‍സരിച്ചത്. ഇത്തവണ ഗ്യാസ് സ്റ്റൗ ചിഹ്നത്തിലാണ് മല്‍സരം. കഴിഞ്ഞ ബ്ലോക്ക് ഭരണസമിതിയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. വേളൂക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടതുപക്ഷത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയാണു ഇപ്പോള്‍ തോമസ് കോലങ്കണ്ണി. 50 വര്‍ഷമായി ഒരു കുടുംബത്തില്‍ നിന്നും സ്ഥിരമായി സ്ഥാനാര്‍ഥി വരുന്നതിന്റെ അമര്‍ഷമാണ് തന്നിലുള്ളതെന്നും കഴിഞ്ഞ അഞ്ചു വര്‍ഷം ഏറെ മനോവിഷമത്തോടെയാണു പാര്‍ട്ടിയില്‍ തുടര്‍ന്നതെന്നും ഇനി ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നോട്ടു പോകുവാനാണു തീരുമാനമെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി ചര്‍ച്ച ചെയ്തു സ്ഥാനാര്‍ഥി പട്ടിക നിശ്ചയിക്കുന്നതിനു മുമ്പേ മറുകണ്ടം ചാടി ഇടതുപക്ഷ സ്ഥാനാര്‍ഥി പട്ടികയില്‍ തോമസ് കോലങ്കണ്ണി ഇടം തേടിയെന്നു വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിബിന്‍ തുടിയത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ച് അവിട്ടത്തൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിച്ച് സ്ഥാനാര്‍ഥികളെ മല്സരിപ്പിച്ചതു പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തുമ്പൂര്‍ ബ്ലോക്ക് ഡിവിഷനില്‍ യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും തോമസ് കോലങ്കണ്ണി നടത്തിയിട്ടില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.
ഇടതുമാറി, വലതുവച്ച്….
സിപിഐ ബ്രാഞ്ച് സെക്രട്ടറി ഇത്തവണ യുഡിഎഫ് സ്ഥാനാർഥി
സിപിഐയുടെ ബ്ലോക്ക് സെക്രട്ടറി സ്ഥാനവും ലോക്കല്‍ കമ്മിറ്റിയംഗ സ്ഥാനവും രാജിവച്ചാണു വേളൂക്കര 18ാം വാര്‍ഡിലെ കെ.ടി. സുബ്രഹ്മണ്യന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷം സിപിഐ നടവരമ്പ് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ജനങ്ങളോടുള്ള രാഷ്ട്രീയസമീപനത്തില്‍ ഉണ്ടായ അരക്ഷിതാവസ്ഥയാണു താന്‍ യുഡിഎഫിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതെന്നു സുബ്രഹ്മണ്യന് പറയുന്നു.