റെയില്‍വേ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതു ട്രെയിന്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു
ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിട്ടും റെയില്‍വേ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതു ട്രെയിന്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നിന്നു എറണാകുളം, തൃശൂര്‍ നഗരങ്ങളിലേക്കു സ്ഥിരം യാത്ര ചെയ്തു ജോലിക്കു പോകുന്നവര്‍ക്കാണു ഏറെ ദുരിതം. കോവിഡ് 19 മഹാമാരിയുടെ ആവിര്‍ഭാവത്തോടുകൂടി നിര്‍ത്തിവെച്ചിരുന്ന പല തീവണ്ടികളും പുനസ്ഥാപിച്ചെങ്കിലും നിലവില്‍ റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. എന്നല്‍ മിക്ക യാത്രക്കാര്‍ക്കും ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. അധിക ചെലവും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡിനു മുമ്പ് പാസഞ്ചറില്‍ 175 രൂപയുടെ സീസണ് ടിക്കറ്റില്‍ ഒരു മാസം യാത്ര ചെയ്തവര്‍ക്കു ഇപ്പോള്‍ യാത്രയ്ക്കായി ആയിരങ്ങള്‍ ചെലവഴിക്കേണ്ട സ്ഥിതിയാണ്. കൊച്ചി ഷിപ്യാര്ഡ് അടക്കമുള്ള സ്ഥലങ്ങളിലേക്കു ജോലിക്കു പോകേണ്ടവര്‍ ഇപ്പോള്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണു യാത്ര ചെയ്യുന്നത്. ശമ്പളത്തിന്റെ ഭൂരിഭാഗവും യാത്രാചെലവിനായി മാറ്റിവക്കേണ്ടി അവസ്ഥയാണ്. മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാത്തതും ആവശ്യ സമയത്ത് ട്രെയിനുകള്‍ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. പാസഞ്ചര്‍ അടക്കമുള്ള എല്ലാ ട്രെയിനുകളും പുനസ്ഥാപിക്കുകയും ഹ്രസ്വദൂരയാത്രക്കാര്ക്കു റിസര്‍വേഷന്‍ വേണം എന്ന നിബന്ധന എടുത്തുകളയണമെന്നും ഇരിങ്ങാലക്കുട ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു പനംകൂടന്‍, ട്രഷറര്‍ സുബാഷ് എന്നിവര്‍ പ്രസംഗിച്ചു.