മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അന്തരിച്ചു
കല്ലേറ്റുംകര: മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എം. ഷാഹുൽ ഹമീദ് മാസ്റ്റർ (82) അന്തരിച്ചു. ഏറെ കാലം ഇരിങ്ങാലക്കുടയിൽ എക്സ്പ്രസ് പത്രത്തിന്റെ ലേഖകനും പ്രസ് ക്ലബ് പ്രസിഡന്റും കേരള സിറ്റിസൺ ഫോറം പ്രസിഡന്റും പ്രഗത്ഭ അധ്യാപകനും രാഷ്ട്രീയ സാംസ്കാരികപ്രവർത്തകനുമായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 5.30 നാണ് മരണം സംഭവിച്ചത്. ഭാര്യ: സുലേഖാബീവി, മക്കൾ: ബീന മുഹമ്മദാലി, നസീമ സുബൈർ, രാജ അൻവർഷാ.
1939 ൽ പാളയംകോട്ട് മൊയ്തീൻ റാവുത്തറിന്റെയും പരീത്ബീവിയുടെയും മകനായി കല്ലേറ്റുംകരയിൽ ജനിച്ചു. കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിലും ഐജെ എൽപി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസവും ആളൂർ ആർഎം ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നും പ്രീയൂണിവേഴ്സിറ്റി കോഴ്സും ചാലക്കുടി ബേസിക് ട്രെയിനിംഗ് സ്കൂളിൽ നിന്നും ടിടിസിയും പാസായി. 1964 ൽ അരൂർമുഴി ഗവൺമെന്റ് എൽപി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കോടാലി ഗവൺമെന്റ് എൽപി സ്കൂൾ, കുറ്റിച്ചിറ ഗവൺമെന്റ് എൽപി സ്കൂൾ, വെള്ളിക്കുളങ്ങര ജെബിഎസ് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
കടുപ്പശേരി ഗവൺമെന്റ് യൂപി സ്കൂളിൽ 26 വർഷത്തോളം അധ്യാപകനായിരുന്നു. 31 വർഷത്തെ അധ്യാപനജീവിതത്തിനുശേഷം മാള, അന്നമനട ഗവൺമെന്റ് യുപി സ്കൂളിൽ ഹെഡ്മാസ്റ്ററായിരിക്കെ 1995 ൽ വിരമിച്ചു. വൈന്തല തൊഴിലാളിസമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നിരവധി ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൊടകര പുലിപ്പാറക്കുന്ന് കോളനിയിൽ 1977 ൽ ആശാൻ സ്മാരക ലൈബ്രറി സ്ഥാപിച്ചു. വെള്ളിക്കുളങ്ങരയിൽ ലൈബ്രറി പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.
കല്ലേറ്റുംകര ഫാ. ആൻഡ്രൂസ് സ്മാരക ലൈബ്രറിയുടെ ദീർഘകാല ഭാരവാഹിയായിരുന്നു. 1986 ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്ക് കലാതിലകം, കലാപ്രതിഭ എന്ന പേരിൽ അവാർഡുകൾ ഏർപ്പെടുത്തി. കേരള സിറ്റിസൺ ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2012 ൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ ആക്ടിവിറ്റീസിന്റെ ഗ്ലോബൽ അവാർഡ് ലഭിച്ചിട്ടുണ്ട്. 2013 ൽ ആളൂരിൽ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സഹൃദയ കലാവേദി, കടുപ്പശേരി കൈരളി കലാകേന്ദ്രം, ആളൂർ യുവജനസംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു.