ഠാണാ-ചന്തക്കുന്ന് റോഡ് വികസിപ്പിക്കുന്നതിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു
ഠാണാ-ചന്തക്കുന്ന് റോഡ് വികസനം- അടയാളപ്പെടുത്തിത്തുടങ്ങി
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്ററായി വികസിപ്പിക്കുന്നതിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു. തെക്കേ അങ്ങാടി റോഡ് ഭാഗത്തുനിന്നാണു അടയാളപ്പെടുത്തല്‍ ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള ഏറ്റെടുക്കേണ്ട ഭാഗമാണു അടയാളപ്പെടുത്തുന്നത്. രണ്ടു ദിവസം കൊണ്ടു അടയാളപ്പെടുത്തല്‍ പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം അടയാളപ്പെടുത്തുന്നതോടൊപ്പം ഏറ്റെടുക്കേണ്ട കടകളുടെ സര്‍വേ നമ്പറുകളും രേഖകളും ഉദ്യോഗസ്ഥര്‍ വാങ്ങുന്നുണ്ട്. അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ എല്ലാവരുടെയും സര്‍വേ നമ്പറടക്കം തൃശൂര്‍ ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ക്കു കൈമാറുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരാണു വില നിശ്ചയിച്ചു ഭൂമി ഏറ്റെടുക്കുക. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ തെക്കേ അങ്ങാടി റോഡ് മുതല്‍ ബൈപാസ് റോഡ് വരെ 740 മീറ്ററും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെ 75 മീറ്ററും ചന്തക്കുന്ന് ജംഗ്ഷനില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററുമാണു 17 മീറ്ററില്‍ ഭൂമി ഏറ്റെടുക്കുന്നത്. 160 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണു കരുതുന്നത്. റോഡ് വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 32 കോടിയില്‍ ആദ്യപടിയായിട്ടാണു സ്ഥലം ഏറ്റെടുക്കുന്നത്. 17 മീറ്റര്‍ വീതിയില്‍ 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടു കൂടിയ കാനകളുമാണു ഉണ്ടായിരിക്കുക. ഇതിനു പുറമെ ലൈന്‍ മാര്‍ക്കിംഗ്, റിഫഌക്ടറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. നിലവില്‍ 15 ലക്ഷം രൂപയാണു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി വൈദ്യുതിക്കാലുകള്, ബിഎസ്എന്‍എല്‍ കേബിള്‍ പോസ്റ്റുകള്‍, വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കും. കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിടും. സ്ഥലം എറ്റെടുക്കലും നഷ്ടപരിഹാര നടപടികളും പൂര്‍ത്തീകരിക്കുന്നതോടൊപ്പം തന്നെ റോഡ് വികസന പ്രവൃത്തിയുടെ സാങ്കേതിക അനുമതിക്കും ടെന്‍ഡറിനും നടപടികള്‍ സ്വീകരിക്കുമെന്നു പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു.