അജൈവ മാലിന്യങ്ങള്‍ വിപണനം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാറില്‍ എര്‍പ്പെടാന്‍ നഗരസഭയോഗ തീരുമാനം
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ അജൈവ മാലിന്യങ്ങള്‍ വിപണനം ചെയ്യുന്നതിനു ക്ലീന്‍ കേരള കമ്പനിയുമായി കരാറില്‍ എര്‍പ്പെടാന്‍ നഗരസഭാ യോഗത്തില്‍ തീരുമാനം. ഒരു കിലോഗ്രാമിനു 10 രൂപ എന്ന നിരക്കില്‍ കമ്പനിക്കു നല്കുന്നതിനു അനുമതി നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. പ്രളയക്കാലത്ത് 100 ടണ്‍ അജൈവമാലിന്യങ്ങള്‍ സൗജന്യമായി ക്ലീന്‍ കേരള നഗരസഭയില്‍ നിന്നു കൊണ്ടു പോയിരുന്നതായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി യോഗത്തില്‍ വിശദീകരിച്ചു. ട്രിപ്പിള്‍ ലോക് ഡൗണ്‍ കാലയളവില്‍ നഗരസഭ പരിധിയിലെ കടമുറികള്‍ക്ക് 7,12,887 രൂപയുടെ വാടക ഇളവ് നല്‍കാനും യോഗം തീരുമാനിച്ചു. നഗരസഭയുടെ കീഴിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കാണു ഇളവ് നല്‍കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമുറികള്ക്കു ലൈസന്‍സ് ഫീസില്‍ 5 ശതമാനം വര്‍ധനവ് വരുത്താനും യോഗം തീരുമാനിച്ചു. നഗരസഭയിലെ 41 വാര്‍ഡുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു യോഗാരംഭത്തില്‍ ബിജെപി അംഗം ടി.കെ. ഷാജു ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ഇതുവരെ പ്രവര്ത്തനക്ഷമമായിട്ടില്ലെന്നു ബിജെപി അംഗം ആര്‍ച്ച അനീഷും ആവശ്യപ്പെട്ടു. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വിളിച്ചു ചേര്‍ത്ത രീതിയെ ബിജെപി അംഗം സന്തോഷ് ബോബന് വിമര്‍ശിച്ചു. ചെയര്‍പേഴ്സന്റെ സൗകര്യം മാത്രം നോക്കി 24 മണിക്കൂര്‍ മുമ്പ് മാത്രമായി ഫോണില്‍ യോഗവിവരങ്ങള്‍ അറിയിക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നു ബിജെപി അംഗം കുറ്റപ്പെടുത്തി. നഗരസഭയിലെ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിന്നു വിരമിച്ച ജീവനക്കാരന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ആവശ്യപ്പെട്ടു. ഈ മാസം 13 മുതല്‍ 18 വരെ വാര്‍ഡ് സഭകളും 21 നു വികസനസെമിനാറും നടത്തുമെന്നു യോഗത്തില്‍ വൈസ് ചെയര്മാന് അറിയിച്ചു. ഫെബ്രുവരി പകുതിയ്ക്കകം വാര്‍ഡ് സഭകള്‍ ചേരണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും വൈസ് ചെയര്മാന് വിശദീകരിച്ചു. കൗണ്‍സില്‍ തീരുമാനത്തിനെത്തുന്ന അജണ്ടകളില്‍ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബിജെപി അംഗങ്ങളുടെ വിയോജനകുറിപ്പ് നല്കി. ഇക്കാര്യത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി അടിയന്തിര ശ്രദ്ധ കാണിക്കണമെന്നും സന്തോഷ് ബോബന് ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്തെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്നു ബിജെപി അംഗം ടി.കെ. ഷാജു പറഞ്ഞു. നഗരസഭ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ഉടന്‍ തുറന്നു നല്‍കണമെന്നു ബിജെപി അംഗം ആര്‍ച്ച അനീഷ് ആവശ്യപ്പെട്ടു. യോഗത്തില്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.