ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
ഇരിങ്ങാലക്കുട: ഒരു മാസത്തോളം നീണ്ട ശക്തമായ പ്രചാരണം വോട്ടെടുപ്പിലും മിന്നുന്ന കാഴ്ചയായി. പ്രശ്നങ്ങളില്ലാതെ കടന്നുപോയ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസവും പ്രവര്‍ത്തകരുടെ ആവേശം പ്രകടമായിരുന്നു. വോട്ടര്‍മാരെ വീട്ടിലെത്തി ബൂത്തിലേക്കു കൊണ്ടുവരുന്നതിനും സ്ലിപ് വിതരണത്തിനും വോട്ടര്‍മാര്‍ക്കു സഹായങ്ങള്‍ ചെയ്യുന്നതിനും പ്രവര്‍ത്തകരുടെ മത്സരമായിരുന്നു. സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല. പോലീസും ക്രമസമാധാനത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളായ കാട്ടൂര്‍ ഇല്ലിക്കാട് എസ്എന്‍ഡിപി ഓഫീസ്, എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ അഞ്ചു ബൂത്തുകള്‍, പട്ടേപ്പാടം എഎല്‍പി സ്കൂളിലെ മൂന്നു ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമായിരുന്നു. ചില ബൂത്തുകളില്‍ കേന്ദ്ര സേനാംഗങ്ങളുടെയും സ്പെഷല്‍ പോലീസ് അംഗങ്ങളുടെയും സേവനം ലഭ്യമാക്കിയിരുന്നു. എസ്പി ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി ടി.ആര്. രാജേഷിന്റെയും നേതൃത്വത്തില്‍ ബൂത്തുകളില്‍ നിരീക്ഷണം നടത്തി. ആളുകള്‍ കൂട്ടം കൂടുന്നതു പരിശോധിക്കുന്നതിനു ഡ്രോണ്‍ ഉപോയഗിച്ചുള്ള നിരീക്ഷണവും ഉണ്ടായിരുന്നു.