നാട്ടുത്സവമല്ല, ഇതു വോട്ടുത്സവം….കാത്തുനിന്ന ജനം വിധിയെഴുതി
ഇരിങ്ങാലക്കുട: ശാന്തമായ അന്തരീക്ഷത്തില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്കു ഒഴുകിയെത്തിയതോടെ മണ്ഡലത്തില്‍ കനത്ത പോളിംഗ്. രാവിലെ പോളിംഗ് ആരംഭിച്ചതു മുതല്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 300 പോളിംഗ് ബൂത്തുകളിലും സമ്മതിദായകരുടെ നീണ്ട നിരയായിരുന്നു. നഗരത്തിലെയും ഗ്രാമങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ സ്ത്രീ സാന്നിധ്യമായിരുന്നു ഏറെ കാണപ്പെട്ടത്. ശതമാനമാണ് പോളിംഗ് നടന്നത്. 2016 ല്‍ 77.65 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 78.82 ശതമാനമാണു പോളിംഗ് നടന്നത്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുകുന്ദപുരം ഗവ. എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാലിയേക്കര, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവരോടൊപ്പമാണു ബിഷപ് വോട്ടു ചെയ്യാനെത്തിയത്. ചാലക്കുടി മുന്‍ എംപിയും ചലചിത്ര താരവുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ കുടുംബത്തോടൊപ്പമെത്തി സമ്മതിദാനം രേഖപ്പെടുത്തി. ഭാര്യ ആലീസ്, മകന് സോണറ്റ്, മരുമകള്‍ രശ്മി എന്നിവരോടൊപ്പമാണു വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്‍ഡസ്ട്രിയല്‍ സ്കൂളിലും കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജാക്സണ്, എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം എന്നിവര്‍ ഗവ. ബോയ്സ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരം ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്കൂളില്‍ ഭാര്യ ലിഡിയയോടൊപ്പം വോട്ടു രേഖപ്പെടുത്തി. ചലച്ചിത്രതാരം അനുപമ പരമേശ്വരന് ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തിരക്കായതിനാല്‍ വോട്ട് രേഖപ്പെടുത്താനെത്തിയില്ല. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി എന്‍എസ്എസ് ഇംഗീഷ് മീഡിയം സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ജനക്ഷേമപരമായ പ്രതിനിധികളെയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
എല്ലാ ഘടകങ്ങളും ഉള്‍കൊണ്ടുകൊണ്ട് ജനക്ഷേമപരമായ പ്രതിനിധികളെയായിരിക്കണം ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നു ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. സദാചാരവും പൊതു നന്മയും നീതിയും പ്രകടമാക്കുന്ന നല്ല ജനപ്രതിനിധികള്‍ കടന്നുവരണം. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടു ഭരണഘടനയുടെ എല്ലാ ഘടകങ്ങളും ഉള്‍കൊണ്ടുകൊണ്ട് പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വരണമെന്നാണു സഭയുടെ കാഴ്ചപ്പാട്. അതോടൊപ്പം തന്നെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുകയും എല്ലാ മതങ്ങളെയും തുല്യമായി കണ്ട് ഓരോരുത്തര്‍ക്കു അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാതിരിക്കുന്നവരും ആയിരിക്കണം ജനപ്രതിനിധികളായിട്ടു തെരഞ്ഞെടുക്കപ്പെടേണ്ടത്.
ഇടതുപക്ഷം തുടര്‍ ഭരണം കാഴ്ചവെക്കും-ഇന്നസെന്റ്
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നല്ല രീതിയിലുള്ള ഭരണമാണു കാഴ്ചവെച്ചത്. ജനങ്ങള്‍ക്കാവശ്യമായ അരിയും പയറുമെല്ലാം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചെയ്ത പ്രവര്‍ത്തിയല്ലെന്നും നിപ്പ, പ്രളയം, കൊറോണ പോലെയുള്ള സാഹചര്യങ്ങളില്‍ വളരെ നല്ല രീതിയില്‍തന്നെ സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തിയെന്നും വേറെ ഏതു സര്‍ക്കാര്‍ ആയിരുന്നാലും ഇങ്ങനെയുള്ള ഭരണം കാഴ്ചവെക്കാന്‍ സാധിക്കില്ലായെന്നും മുന്‍ എംപിയും ചലച്ചിത്ര താരവുമായ ഇന്നസെന്റ് വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വിശ്വാസം തനിക്കുണ്ട്. തുടര്‍ ഭരണം ഇനി ഉണ്ടായാല്‍ അടുത്ത വര്‍ഷം മുതല്‍ പിന്നീട് വേറെ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
വോട്ട് രേഖപ്പെടുത്തി ഭാവി സുരക്ഷിതമാക്കുക-ടൊവിനോ തോമസ്
ഭാവി സുരക്ഷിതമാക്കുക എന്നതാണു വോട്ടിംഗ് കൊണ്ട് താന്‍ ഉദ്ദേശിക്കുന്നതെന്നു ചലച്ചിത്ര താരം ടൊവിനോ തോമസ്. സമ്മതിദാനം നമ്മുടെ അവകാശമാണ്. നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവസരമാണു വോട്ടിംഗിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വോട്ട് എല്ലാവരും ചെയ്യണം. അങ്ങനെ ചെയ്താല്‍ തന്നെ എല്ലാകാലത്തും അത് നിലനില്‍ക്കുമെന്നും ടൊവിനോ പറഞ്ഞു.
വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും-തോമസ് ഉണ്ണിയാടന്
നല്ല രീതിയില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിജയം ഉറപ്പാണ്. ഒരു പഞ്ചായത്ത് മാത്രമല്ല, എല്ലാ പഞ്ചായത്തും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഉറപ്പ് തങ്ങള്‍ക്കുണ്ടെന്നും ഉണ്ണിയാടന് പറഞ്ഞു. 2001, 2006, 2011 ലും വിജയിച്ച സാഹചര്യത്തില്‍ ഇത്തവണ അതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെയായിരിക്കും വിജയിക്കുക. 2001 മുതല്‍ 2016 വരെ പ്രകാശപൂരിതമായ വികസന വര്‍ഷങ്ങളായിരുന്നെന്നും ഉണ്ണിയാടന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്കു അനാഥത്വമാണ് തോന്നിയിരുന്നതെന്നും അങ്ങനെയുള്ള അനാഥത്വം ജനങ്ങള്‍ക്കു ഒരിക്കലും ഉണ്ടാകരുതെന്നും ഒരാള്‍ക്കു ഒരു പ്രശ്നം വന്നാല്‍ അതു പരിഹരിക്കാന്‍ ഒരാളുണ്ടാകണമെന്നു ജനങ്ങള്‍ക്കു ആഗ്രഹം കാണുമെന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു.
വിജയത്തില്‍ നൂറു ശതമാനം ആത്മവിശ്വാസം-എം.പി. ജാക്സണ്
തെരഞ്ഞെടുപ്പ് വിജയത്തില്‍ നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്നു കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജാക്സന്. ഇരിങ്ങാലക്കുട ബോയ്സ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി വോട്ടമാരെ നേരില്‍ കാണാന്‍ കഴിഞ്ഞതായും താന്‍ ചര്‍ച്ച ചെയ്തത് രാഷ്ട്രീയമല്ല വികസനമാണെന്നും സ്നേഹനിര്‍ഭരമായ പ്രതികരണമാണു കൊടുങ്ങല്ലൂരിലെ വോട്ടര്‍മാരില്‍ നിന്നും ലഭിച്ചതെന്നും എം.പി. ജാക്സണ് പറഞ്ഞു. ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ വികസനം കാഴ്ച വയ്ക്കുന്നതിനുള്ള ചുമതലയാണു താന്‍ ഏറ്റെടുക്കുന്നതെന്നും അതു നിറവേറ്റുമെന്ന വിശ്വാസം തനിക്കുണ്ടെന്നും എം.പി. ജാക്സണ് പറഞ്ഞു.