മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി
മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി ഫലം കണ്ടത് ഫലം കണ്ടത് മന്ത്രിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം
ഇരിങ്ങാലക്കുട: കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് റോഡരികില്‍ ഉപേക്ഷിച്ചു പോയതാണ് ഒരു ടാര്‍ മിക്സിംഗ് യന്ത്രം, താണിശേരി കരാഞ്ചിറ റോഡിലെ വളവില്‍ അപകട സാധ്യത ഏറെയുള്ള സ്ഥലത്താണ് ഈ മിക്സിംഗ് യന്ത്രം കിടന്നിരുന്നത്. കാട്ടൂര്‍ നെടുമ്പുര സ്വദേശിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുമിത്രന് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായുള്ള ഫോണ്‍ ഇന്‍ പരിപാടിയിലാണ് പരാതിയുമായി എത്തിയത്. അപകട സാധ്യത ഏറെയുള്ളതിനാല്‍ മിക്സിംഗ് യന്ത്രം എത്രയും പെട്ടന്ന് മാറ്റണമെന്നാണ് സുമിത്രന്റെ പരാതി. പരാതി കേട്ട് മന്ത്രി കോള്‍ ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് പരിപാടിക്കിടെ തന്നെ മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇതു മാറ്റുന്നതിനുള്ള നടപടി എടുക്കാന്‍ നിര്‍ദേശം നല്കി നാളെ വൈകുന്നേരം ഞാന്‍ വിളിക്കും, അത് അവിടെ നിന്ന് മാറണമെന്നായിരുന്നു മന്ത്രിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിയുടെ നിദേശാനുസരണം പിറ്റേ ദിവസം രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തി ടാര്‍ മിക്സിംഗ് യൂണിറ്റ് സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു. മഴക്കാലത്ത് ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ട് ആഴ്ചകളിലും പരിപാടിയില്‍ നിരവധി കോളുകള്‍ എത്തി. ഉടന്‍ പരിഹാരം കാണാന്‍ കഴിയുന്നവയ്ക്ക് വേഗത്തില്‍ തന്നെ പരിഹാരം കാണുന്നുണ്ട്. പരാതികളുടെ പുരോഗതി ആഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്യുകയും ചെയ്യും. ‘റോഡറിയാന്‍ ജനങ്ങളിലേക്ക് ‘ എന്ന ലക്ഷ്യത്തോടെയാണ് തത്സമയ ഫോണ്ഇന് പരിപാടി സംഘടിപ്പിച്ചത്.