മുക്കുടിനിവേദ്യം സേവിക്കുവാന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടിനിവേദ്യം സ്വീകരിക്കാന്‍ വന്‍ ഭക്തജനത്തിരക്ക്. നിവേദ്യത്തിനായി ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. മുക്കുടിക്കുള്ള ഔഷധക്കൂട്ടുകള്‍ പ്രത്യേക അനുപാതത്തില്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമരനെല്ലൂര്‍ കുട്ടഞ്ചേരി മൂസ് കുടുംബത്തിനാണ്. ഇത്തവണ കുട്ടഞ്ചേരി അനൂപ് മൂസാണ് നിവേദ്യം തയ്യാറാക്കിയത്. പുലര്‍ച്ചെ കൊട്ടിലാക്കലില്‍ അരച്ചെടുത്ത മരുന്ന് തിടപ്പള്ളിയിലെത്തിച്ച് മോരില്‍ കലര്‍ത്തി മണ്‍കുടുക്കകളിലാണ് മുക്കുടി ദേവന് നിവേദിച്ചത്.
ക്ഷേത്രം തന്ത്രി അണിമംഗലം മനക്കാര്‍ക്കാണ് മുക്കുടിനിവേദ്യത്തിനുള്ള അവകാശം. അണിമംഗലത്ത് വാസുദേവന്‍ നമ്പൂതിരി ഭഗവാന് നിവേദിച്ചു. തുടര്‍ന്ന് പടിഞ്ഞാറേനടപ്പുരയില് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. 3000 ലിറ്റര്‍ തൈരിലാണ് ഇത്തവണ നിവേദ്യം തയ്യാറാക്കിയത്. പടിഞ്ഞാറേനടയില്‍നിന്ന് ക്ഷേത്രത്തിന്റെ തെക്കേനട വഴി കിഴക്കേനട വരെ വരി നീണ്ടിരുന്നു.