ക്രൈസ്റ്റ് കോളജില്‍ നടന്ന ജിയോ എക്സ്പോ 2024 സമാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ജിയോളജി ആന്‍ഡ് എന്വിയോണ്മെന്റ് സയന്‍സ് വിഭാഗം നടത്തിയ ജിയോ എക്സ്പോ 2024 സമാപിച്ചു. കൊല്ലം മലപ്പുറം, കോട്ടയം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള കോളജുകളില്‍ നിന്നും വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ഈ എക്സിബിഷനില്‍ പങ്കെടുത്തു.
ധാതുക്കളുടെയും ശിലകളുടെയും രത്നങ്ങളുടെയും ഫോസിലുകളുടെയും വിപുലമായ ശേഖരം ഈ എക്സിബിഷന്റെ ഒരു മുതല്‍ക്കൂട്ടായിരുന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ യുടെ സ്റ്റാള്‍ കുട്ടികളില്‍ കൗതുകമുണര്‍ത്തി. അതുപോലെ ഭൂഗര്‍ഭ ജല സാനിദ്ധ്യം തിരിച്ചറിയാനുള്ള സങ്കേതിക വിദ്യയും, കുഴല്കിണറുകളെക്കുറിച്ചും, അവയുടെ നിര്‍മാണത്തെകുറിച്ച് പ്രതിപാദിക്കുന്ന സ്റ്റാളും ശ്രദ്ധേയമായി. ഓരോ കല്ലിനും ഒരു കഥ പറയാനുണ്ട് എന്നതിന്റെ ഒരു വെളിപ്പെടുത്തല്‍ ആയിരുന്നു ഈ ജിയോ എക്സ്പോ.
സമാപന സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. മേരി പത്രോസ് അധ്യക്ഷത വഹിച്ചു. ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ലിന്റോ ആലപ്പാട്ട്, ക്രിസ്തു ജ്യോതി കോളജ് ജിയോളജി വിഭാഗം തലവന്‍ ഡോ. ബെന്നോ ജോസഫ്, ജിയോളജി സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം തലവന്‍ ഡോ. ആന്റോ ഫ്രാന്‍സീസ്, അഞ്ചു ആനന്ദന്, അലിയ സുല്‍ത്താന എന്നിവര്‍ സംസാരിച്ചു.