ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം
ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റ അഞ്ചാം ചരമ വാര്‍ഷികം ഇന്ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ ദിവ്യബലിക്കും കബറിടത്തിലുള്ള ശുശ്രൂഷകള്‍ക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാലിയേക്കര, മോണ്‍.ജോസ് മഞ്ഞളി എന്നിവര്‍ സഹകാര്‍മികരായിരിക്കും.
കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരമാണ് ദേവാലയത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. തൃശൂര്‍ രൂപതയില്‍ നിന്നും 1978 ല്‍ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതല്‍ രൂപത അധ്യക്ഷനായി സേവനം ചെയ്തിരുന്ന ബിഷപ്പ് 2010 ഏപ്രില്‍ 18 നാണ് ഔദ്യോഗിക സ്ഥാനം ഒഴിഞ്ഞത്. ഇരിങ്ങാിങ്ങാലക്കുട സെന്റ് പോള്‍ മൈനര്‍ സെമിനാരിയില്‍ വിശ്രമ ജീവിതം നിയിച്ചുകൊണ്ടിരിക്കെ 2016 ജൂലൈ 10 നാണ് ദിവംഗതനായത്.
1978 നാണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി മാര്‍ ജെയിംസ് പഴയാറ്റില്‍ സ്ഥാനമേല്‍ക്കുന്നത്.
തുടര്‍ന്ന് 32 വര്‍ഷക്കാലം രൂപതയെ ആത്മീയ ചൈതന്യത്തിന്റെ അനിര്‍വചനീയമായ ഔന്നിത്യങ്ങളിലേക്ക് നയിക്കുകയായിരുന്നു. അച്ചടക്കം, കൃത്യനിഷ്ഠ, പ്രാര്‍ഥനാ ചൈതന്യം, സഹാനുഭൂതി, ദിവ്യകാരുണ്യഭക്തി, തിരുഹൃദയഭക്തി, ദൈവ മാതൃഭക്തി, സഭയോടും സഭാമക്കളോടുമുള്ള പ്രതിബദ്ധത, ആദര്‍ശനിഷ്ഠ, അനുരഞ്ജന മനഃസ്ഥിതി, വിനയാന്വിതമായ പെരുമാറ്റം എന്നിവയ്ക്ക് സ്വജീവിതത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം കൊടുത്ത വ്യക്തിത്വത്തിനുടമായിരുന്നു ബിഷപ്പ് മാര്‍ പഴയാറ്റില്‍.
പുത്തന്‍ചിറ പഴയാറ്റില്‍ തോമന്‍കുട്ടി-മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായിട്ടാണ് 1394 ജൂലൈ 26 ല്‍ ജെയിംസ് എന്ന ചാക്കോച്ചന്റെ ജനനം.
മാമ്മോദീസപേരാണ് ജെയിംസ്. ഏഴാം വയസില്‍ മാതാവ് മറിയംകുട്ടി മരണമടഞ്ഞു. 1952 ല്‍ ഉയര്‍ന്ന മാര്‍ക്കോടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. സിലോണിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയിലും പൂനയിലുമായി വൈദികപരിശീലനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. 1961 ഒക്ടോബര്‍ മൂന്നിന് പൂനയില്‍ വെച്ച് ബോബെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ വലേരിയന്‍ ഗ്രേഷ്യസ് തിരുമേനിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 1962 ല്‍ പാവറട്ടി പള്ളിയിലും തുടര്‍ന്ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയിലും പുത്തന്‍ പള്ളിയിലും അസിസ്റ്റന്റ്്് വികാരിയായി പ്രവര്‍ത്തിച്ചു.
തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായും ഹോസ്റ്റല്‍ വാര്‍ഡനായും ഒരു വ്യാഴവട്ടത്തിലേറെ സേവനം അനുഷ്ഠിച്ചു. ഐക്കഫിന്റെ റീജനല്‍ ചാപഌന്‍, എക്യുമെനിക്കല്കമ്മിറ്റി, പ്രീസ്റ്റ് വെല്‍ഫെയര്‍ തുടങ്ങിയവയുടെ സെക്രട്ടറി, അരണാട്ടുക്കര, പൂങ്കുന്നം എന്നീ പള്ളികളുടെ വികാരി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ രൂപതാ വൈദികസഹായസംഘം സെക്രട്ടറി, സെനറ്റ് സെക്രട്ടറി, നവീകരണവര്ഷാചരണ സംഘാടകന്‍ എന്നീ രംഗങ്ങളില്‍ ക്രാന്തദര്‍ശിയായ അജപാലകന്റെ ശൈലിയില്‍ അദ്ദേഹം യഥോചിതം നേതൃത്വം നല്കി.
1978 ജൂണ്‍ 22നാണ് തൃശൂര്‍ രൂപതയില്‍ നിന്ന് ഇരിങ്ങാലക്കുട എന്ന പുതിയ രൂപത സ്ഥാപിച്ചുകൊണ്ടുള്ള ബൂളയിലും ജെയിംസ് പഴയാറ്റിലിനെ പ്രഥമ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂളയിലും പോള്‍ ആറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചത്. 1978 സെപ്തംബര്‍ 10-ാം തിയതിയാണ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മെത്രാഭിഷേക ചടങ്ങ് നടന്നത്. കാര്‍ഡിനല്‍ മാര്‍. ജോസഫ് പാറേക്കാട്ടിലില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. 1983 ല്‍ ചെന്നൈ മിഷന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു. 1995 ല്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ ശ്രേഷ്ഠ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ കര്‍ദിനാള്‍ ആന്റണി പടിയറ യുടെ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു.
കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്റെ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷന് അംഗം, സെമിനാരി കമ്മീഷന് അംഗം, കുര്‍ബാന കമ്മിഷന് ചെയര്മാന് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: കുഞ്ഞു വറീത്, പാവുണ്ണി. സഹോദരി: റോസി.
സൗമ്യം ദീപ്തം (പ്രഫ. സാവിത്രി ലക്ഷ്മണന് എക്സ് എംപി)
വ്യക്തിത്വത്തിന്റെ തെളിമയും തനിമയും അംഗീകരിച്ചതിന്റെ തെളിവുകളാണ് മാര്‍ ജെയിംസ് പഴയാറ്റിലിന് ലഭിച്ച് അവാര്‍ഡുകള്‍
2001- ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്ണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ്.
2001- ഡെല്‍ഹി ഇന്റര്‍നാഷ്ണല്‍ പബ്ലിഷിംഗ് ഹൗസിന്റെ ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ്.
2002- ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ യൂണിറ്റിയുടെ രാഷ്ട്രീയ രത്ന അവാര്‍ഡ്.
2002- ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സക്സസ് അവയര്‍നസിന്റെ രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്.
2002- ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ വിജയ് രത്തന്‍ അവാര്‍ഡ്. ഭക്ത ശ്രേഷ്ഠ പുരസ്കാരം, മരിയന്‍ അവാര്‍ഡ്, ഇരിങ്ങാലക്കുട രൂപതയുട കേരള സഭാതാരം അവാര്‍ഡ് എന്നിവ ബിഷപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനാചൈതന്യം, സമര്‍പ്പിത ജീവിതം, സംഘടനാശേഷി, കൃത്യനിഷ്ഠ, ഉത്തരവാദിത്വത്തോടും സഭയോടുമുള്ള പ്രതിബദ്ധത എന്നിവയില്‍ എന്നും അടിയുറച്ച് നിന്നു പോന്ന അവികലമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ജെയിംസ് പഴയാറ്റില്‍ പിതാവ്.
തന്റെ ജീവിത ലക്ഷ്യത്തില്‍ താനും എന്നും ഉയര്‍ത്തിപിടിക്കുന്ന ചില ദര്ശനങ്ങളുണ്ട്. വിളിച്ചവനോടുള്ള വിശ്വസ്തത ദൈവജനത്തോടുള്ള പ്രതിബദ്ധത, ദൈവിക പരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും അതനുസരിച്ച് മുന്നോട്ട് പോകുന്നതിനുള്ള ആത്മവിശ്വാസവും. ദൈവം തന്റെ പരിപാലനയില്‍ രൂപതയെ വളര്‍ത്തി. നന്മയാകാനും നന്മ പ്രവര്‍ത്തിക്കുവാനുമുള്ള മനോഭാവം എന്നും കൃതജ്ഞതാനിര്‍ഭരമായി, പ്രസാദത്മാകമായി നില്ക്കുന്ന വ്യക്തിപ്രഭാവം, ആത്മിയ നിഷ്ഠയോടുള്ള അതീവ താല്പര്യം, ചുമതലാബോധം, പഠന തല്പരത, സഭാനേതൃത്വത്തോടുള്ള വിധേയത്വം, നല്ലിടയന്റെ കൃപയോടു സഹകരിച്ചുള്ള ജീവിതം, പൗരോഹിത്യത്തിന്റെ കൂലിനത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം.
എളിമയോടെ കര്‍ത്താവിന്റെ അതിശക്തമായ കരത്തിന് കീഴില്‍ വിഹരിക്കുവാനുള്ള മനസ്, ഭയങ്ങളെല്ലാം നാഥന്റെ കാല്ക്കല് കയ്യാളിക്കുവാനുള്ള വിവേകജനകമായ മനോഭാവം, മനുഷ്യത്വത്തെ വിലമതിക്കുന്ന വ്യക്തിത്വം. എളിമയും ലാളിത്യവും കൈമുതലായ ജീവിത ശൈലി-അതാണ് ഇരിങ്ങാലക്കുടയുടെ പ്രഥമ ഇടയശ്രേഷ്ഠന്-മാര്‍ ജെയിംസ് പഴയാറ്റില്‍. ഈ ഗുണങ്ങളാണ് മാര്‍ ജെയിംസ് പഴയാറ്റിലിനെ നിരവധി അവാര്‍ഡുകള്‍ക്ക് പ്രാപ്തനാക്കിയത്.