വേലിയേറ്റം ശക്തം: അടുക്കളയില്‍ വരെ ഉപ്പുവെള്ളം, പൊറുതി മുട്ടി ജനം
കായലുകളില്‍ അടിഞ്ഞ എക്കലും വേലിയേറ്റത്തിനു കാരണമായെന്നു സൂചന
പടിയൂര്‍: വേലിയേറ്റം ശക്തമായി തുടരുന്നതോടെ ജനജീവിതവും ദുരിതത്തിലാണ്. മതിലകം പുഴയോടു ചേര്‍ന്നു പടിയൂര്‍ പഞ്ചായത്തിലെ ഒലിയപ്പുറം, ചുള്ളിപ്പാലം ഭാഗങ്ങള്‍ വെള്ളക്കെട്ടിലായതോടെയാണ് ഈ പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലായത്. പുലര്‍ച്ചെ കയറുന്ന വേലിയേറ്റ ജലം ഒഴുകി പോകാന്‍ ഏറെ നേരമെടുക്കുന്ന സ്ഥിതിയാണ്. വൈകീട്ടോടെ രണ്ടാമത്തെ വേലിയേറ്റവും കയറിതുടങ്ങും. മണിക്കൂറുകള്‍ ചെലവഴിച്ചു വെള്ളം കോരിമാറ്റിയാണു പല വീട്ടുകാരും അന്തിയുറങ്ങുന്നത്. വേലിയേറ്റമുണ്ടാകുമ്പോള്‍ കയറുന്ന വെള്ളം ഏറെ സമയമെടുത്താണു കുറയുന്നതെന്നാണു ജനങ്ങളുടെ പരാതി. ജല സ്രോതസുകള്‍ മലിനമായി. വെള്ളം കെട്ടി നിന്നു കൃഷികള്‍ക്കു നാശം സംഭവിച്ചു. പുഴയുടെ അടിത്തട്ടില്‍ എക്കല്‍ അടിഞ്ഞതു നിമിത്തം സംഭരണ ശേഷി കുറഞ്ഞതു വേലിയേറ്റം മൂലമുള്ള വെള്ളക്കെട്ടു രൂക്ഷമാകാന്‍ ഇടയാക്കിയെന്നു വിലയിരുത്തല്‍. വൃശ്ചികത്തില് വേലിയേറ്റമുണ്ടാവുന്നതു പതിവാണെങ്കിലും ഇത്തവണ അതു കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടു. ഇത്തവണത്തെ വേലിയേറ്റത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ടാകാമെന്നാണു കരുതുന്നത്. വൃശ്ചിക മാസത്തിലുണ്ടാകുന്ന ഉയര്‍ന്ന വേലിയേറ്റമാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി കൂടുതല്‍ മഴ ലഭിച്ചതു മൂലം പുഴയിലെ വെള്ളത്തിന്റെ അളവു കൂടി. പുഴയുടെ അടിത്തട്ടില്‍ എക്കല്‍ മണ്ണ് അടിഞ്ഞതു മൂലം സംഭരണ ശേഷി കുറഞ്ഞതാണു മൂന്നാമത്തെ കാരണം. പുഴയുടെ അടിത്തട്ടില്‍ എക്കലും മറ്റും അടിഞ്ഞു കൂടുന്നതുമൂലം അടിത്തട്ട് ഉയരുകയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വെള്ളത്തിന്റെ ശേഷി കുറയുകയും ചെയ്തു. വേലിയേറ്റ സമയത്തു വെള്ളം സമീപ പ്രദേശങ്ങളിലേക്കു കയറാന്‍ ഇതു കാരണമായി. മുന്‍പു പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതു ചെയ്യുന്നില്ല. കൂടുതല്‍ മഴ ലഭിച്ചതു മൂലം ഭൂഗര്‍ഭ ജലനിരപ്പിന്റെ അളവിലും വര്‍ധനയുണ്ടായി. അതിനാല്‍ വേലിയേറ്റത്തില്‍ കയറി വരുന്ന വെള്ളം ഭൂമിയിലേക്കു താഴ്ന്നു പോകാന്‍ പ്രയാസം നേരിടുന്നു. മഴയിലുണ്ടാകുന്ന മണ്ണൊലിപ്പു മൂലം ഭൂമിയുടെ നിരപ്പു താഴുകയാണ്. ഇതുമൂലം വേലിയേറ്റ സമയത്തു കൂടുതല്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടാകുന്നുണ്ട്.