തെരുവുനായ ആക്രമണം: അഞ്ചു പേര്‍ക്കു കടിയേറ്റു,കോഴികളും താറാവും ചത്തു
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്കു പരുക്ക്. കണ്ടാരംതറ മൈതാനത്തിനു സമീപം ലോട്ടറി കച്ചവടക്കാരനു നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്. പിന്നീട് കാറളം ഭാഗത്തേക്കു ഓടിയ നായ നാലു പേരെ കടിച്ചതായി സൂചനയുണ്ട്. മറ്റു തെരുവു നായ്ക്കള്‍ക്കും കടിയേറ്റു. നായക്കു പേവിഷബാധയുള്ളതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നായയെ പിന്നീടു ചത്ത നിലയില്‍ കണ്ടെത്തി. കടിയേറ്റ രണ്ടു നായ്ക്കള്‍ക്കു പ്രതിരോധ കുത്തിവയ്പ്പു നല്കി. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അറിയിച്ചതിനെ തുടര്‍ന്നു നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തിയിരുന്നു. തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ മൂര്‍ക്കനാട് ആലുംപറമ്പില്‍ കരിയാട്ടി വീട്ടില്‍ സിജോയുടെ അലങ്കാര കോഴികളും താറാവുകളും ചത്തു. മുട്ടയിടാറായ മണിതാറാവ്, സില്‍ക്കി കോഴി, പ്രില്‍ കോഴി, നാടന്‍ കോഴി എന്നിങ്ങനെ 20 ഓളം കോഴികളെയാണു തെരുവുനായ്ക്കള്‍ കൊന്നത്. 310,000 രൂപയോളം നഷ്ടമുണ്ടായതായി യുവ കര്‍ഷകനായ സിജോ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. കൂടിന്റെ വാതിലുകള്‍ കടിച്ചു പൊളിച്ചാണു നായ്ക്കള്‍ കോഴികളെ ആക്രമിച്ചത്. ആലുംപറമ്പ് പ്രദേശത്തു തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു.
പേവിഷബാധയെന്ന് സംശയം: തെരുവുനായ്ക്കള്‍ക്കു വാക്സിനെടുത്തു നഗരസഭ
പൊറത്തിശേരി: പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന തെരുവുനായ പ്രദേശവാസികളെ കടിച്ചെന്ന പരാതിയില്‍ നടപടിയുമായി നഗരസഭ. ഇരിങ്ങാലക്കുട നഗരസഭ 33, 34, 35, 39 ഡിവിഷനുകളിലാണു നാട്ടുകാര്‍ക്കും മറ്റ് തെരുവുനായ്ക്കള്‍ക്കും പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത്. കടിയേറ്റ നാലുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. നഗരസഭാ ചെയര്‍പേഴ്സണും സെക്രട്ടറിക്കും ഡിവിഷന് കൗണ്‍സിലര്‍മാര്‍ ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നാലു ഡിവിഷനുകളിലെ തെരുവുനായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെയും ഗവ. വെറ്റിനറി ആശുപത്രിയുടെയും നേതൃത്വത്തില്‍ പിടികൂടി ആന്റി റാബിസ് വാക്സിന് നല്കി. കൂടുതല്‍ പരിക്കേറ്റ രണ്ടു നായ്ക്കളെ തുടര്‍ചികിത്സയ്ക്കായി ഗവ. ആശുപത്രിയിലേക്ക് എത്തിച്ചു. വെറ്റിനറി ഡോക്ടര്‍ ബാബുരാജ്, ഫീല്‍ഡ് ഓഫീസര്‍ മനോജ്കുമാര്‍, നഗരസഭാ എച്ച്ഐ എബീഷ്, ജെഎച്ച്ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.