നഗരസഭാ ബജറ്റ് 24ന്, പ്രഖ്യാപനങ്ങള്‍ മാത്രമൊതുങ്ങിയ ചില കഴിഞ്ഞകാല പദ്ധതികള്‍
ഇരിങ്ങാലക്കുട: കഴിഞ്ഞ ബജറ്റുകളില്‍ നഗരസഭ പ്രഖ്യാപിച്ച പദ്ധതികള്‍ നിരവധി. ഇവയില്‍ പലതും പൂര്‍ത്തിയാകാത്തവയും തുടക്കം കുറിക്കാത്തവയുമാണ്. മുന്‍ വര്‍ഷങ്ങളില്‍ വകയിരുത്തിയ പദ്ധതികളില്‍ പൂര്‍ത്തിയാക്കാത്തവ ഉള്‍ക്കൊള്ളിച്ചാണു കഴിഞ്ഞ തവണത്തെ ബജറ്റ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും കടലാസില്‍തന്നെ.
2018 ലെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടും നടപ്പാക്കാത്തവ
സ്ഥലം വാങ്ങി ഗ്യാസ് ക്രിമിറ്റോറിയം പണിയുന്നതിനു 50 ലക്ഷം, ആധുനിക രീതിയിലുള്ള അറവുശാല നിര്‍മാണത്തിനു 20 ലക്ഷം, ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ച് സൗകര്യം വര്‍ധിപ്പിക്കുന്നതിനു 50 ലക്ഷം, ബൈപാസ് റോഡ് പൂതംകുളം മുതല്‍ ബ്രദര്‍ മിഷന് റോഡ് വരെ ദീര്‍ഘിപ്പിക്കുന്നതിനു 10 ലക്ഷം, ഈവനിംഗ് മാര്‍ക്കറ്റ് ഡ്രൈനേജ് പണിയുന്നതിനു അഞ്ചു ലക്ഷം, ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ പൊതുകിണര്‍, ശൗചാലയം പണിയുന്നതിനു അഞ്ചു ലക്ഷം, ബസ് സ്റ്റാന്‍ഡ് നവീകരണത്തിനു 50 ലക്ഷം, ബോയ്സ് സ്കൂളിന്റെ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനു 25 ലക്ഷം, വനിതകള്‍ക്കു ചെണ്ടമേളം പഠിക്കുന്നതിനു 10 ലക്ഷം, സ്കൂള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും യോഗാ ക്ലാസ് നടത്താനുള്ള പദ്ധതി.
2019 ലെ ബജറ്റില്‍ ഇടം പിടിച്ചിട്ടും നടപ്പിലാക്കാത്തവ
നഗരസഭാ ഓഫീസ് കെട്ടിടത്തിനു മുകളില്‍ ഹാള്‍ പണിയുന്നതിനായി 60 ലക്ഷം, മുന്‍സിപ്പല്‍ ഓഫീസിന്റെ മുന്‍ഭാഗത്തായി ഇരിപ്പിടം, കുടിവെള്ളം, മുലയൂട്ടല്‍ കേന്ദ്രം എന്നിവ നിര്‍മിക്കുന്നതിനായി അഞ്ചു ലക്ഷം, മുന്‍സിപ്പല്‍ മൈതാനം നവീകരണത്തിനു 30 ലക്ഷം, ഠാണാ ടൂറിസ്റ്റ് ഹോം നവീകരണത്തിനു 20 ലക്ഷം, ക്രിമിറ്റോറിയത്തിനു 25 ലക്ഷം, പച്ചക്കറി മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണിക്കു 15 ലക്ഷം, ഞവരിക്കുളം ആധുനികവത്കരണം (നീന്തല്‍ പരിശീലനത്തിന് ഉപയുക്തമാക്കല്‍) അഞ്ചു ലക്ഷം, ബൈപാസ് റോഡിലെ അനധികൃത നിര്‍മാണം ഒഴിവാക്കി ഭൂമി ഏറ്റെടുക്കുന്നതിനു 50 ലക്ഷം, ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനു 10 ലക്ഷം, മത്സ്യമാര്‍ക്കറ്റ് ആധുനികവത്കരണത്തിനു 10 ലക്ഷം, കെഎസ്ഇബി നമ്പര്‍ രണ്ട് കെട്ടിടം പൊളിച്ചു പുതുക്കി പണിയാന്‍ 10 ലക്ഷം, ഠാണാ മുതല്‍ കുട്ടംകുളം വരെ ഇരുവശവും ഫുട്പാത്ത് ടൈല്‍ വിരിച്ച് ഹാന്‍ഡ് റെയില്‍ വെച്ച് മോടി പിടിപ്പിക്കല്‍ 10 ലക്ഷം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയുന്നതിനു 20 ലക്ഷം, കസ്തൂര്‍ബ വനിതാ ഷോപ്പിംഗ് കോംപ്ലക്സിനു മുകളില്‍ ഹാള്‍ പണിയുന്നതിനു 30 ലക്ഷം.
2020 ലെ ബജറ്റില്‍ ഇടം പിടിച്ചിട്ടും നടപ്പിലാക്കാത്തവ
ട്രഞ്ചിംഗ് ഗ്രൗണ്ടിലും ജനറല്‍ ആശുപത്രിയിലും മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിനു 90 ലക്ഷം, ഠാണാ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഫുട്പാത്ത് ടൈല്‍ വിരിക്കുന്നതിനും ഹാന്‍ഡ് റെയില്‍ നിര്‍മിക്കുന്നതിനും 40 ലക്ഷം, ട്രഞ്ചിംഗ് ഗ്രൗണ്ടിലെ വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനു 35 ലക്ഷം, നഗരസഭ ഓഫീസ് കെട്ടിടത്തിനു മുകളില്‍ ആധുനിക രീതിയിലുള്ള ശീതികരിച്ച ഹാള്‍ നിര്‍മിക്കുന്നതിനു 60 ലക്ഷം, ഠാണാ ടൂറിസ്റ്റ് ഹോം നവീകരണത്തിനു 20 ലക്ഷം.
2021 ലെ ബജറ്റില്‍ ഇടം പിടിച്ചിട്ടും നടപ്പിലാക്കാത്തവ
ആധുനിക അറവുശാല നിര്‍മാണത്തിനായി കിഫ്ബി മുഖേന 10 കോടി, ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിനു ആറു കോടി, പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നതിനായി ഒരു കോടി.
ഇതില്‍ പലതും നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇടംപിടിക്കുവാനാണു സാധ്യത.