ഗുണനിലവാരം കുറഞ്ഞ കട്ടില് വിതരണം മുരിയാട് പഞ്ചായത്തില്‍ നിര്‍ത്തി വച്ചു
മുരിയാട്: പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കു നല്കുന്ന കട്ടിലുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് വിതരണം നിര്‍ത്തി വച്ചു.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍, പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി 141 കട്ടിലുകളാണ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നത്. രണ്ട് ഏജന്‍സികളാണ് ഇതിനായി ക്വട്ടേഷന്‍ സമര്‍പ്പിച്ചത്. ഇവര്‍ നല്കിയ സാമ്പിളുകളുടെ ഗുണമേന്മ ത്യാഗരാജര്‍ പോളിടെക്നിക്കിലെ സാങ്കേതിക വിദഗ്ദ്ധര്‍ പരിശോധിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഡ്കോക്ക് കട്ടിലുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വിതരണം ചെയ്ത കട്ടിലുകള്‍ക്ക് സാമ്പിള്‍ നല്കിയ കട്ടിലുകളുടെ ഗുണനിലവാരമില്ലെന്നു പ്രതിപക്ഷം ആരോപിച്ചു. ഇതിനെ തുടര്‍ന്ന് വിതരണത്തിനായി കൊണ്ട് വന്ന കട്ടിലുകളുടെ വിതരണം നിര്‍ത്തി വക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഒരു കട്ടിലിനു 4098 രൂപയാണ് സിഡ്കോ ക്വാട്ട് ചെയ്തിരുന്നത്. ഗുണ നിലവാരമുറപ്പാക്കി മാത്രമേ കട്ടിലുകള്‍ വിതരണം ചെയ്യാന്‍ പാടുള്ളു എന്നും ഇതില്‍ ഒരു തരത്തിലുമുള്ള അഴിമതി അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പറഞ്ഞു.