ചിരിയഴകിനു ചിന്തേരിട്ട ശരീര ഭാഷ ശരീരം കൊണ്ടും സംസാരിച്ച നടന്
സിനിമയില്‍ അഭിനയരംഗത്ത് തിളങ്ങിയ പ്രതിഭാശാലിയായ നടനാണ് ഇന്നസെന്റ്. മലയാള സിനിമയില്‍ ഇന്നസെന്റ് നേടിയ സ്ഥാനം ആരും അദ്ദേഹത്തിന് ദാനമായി നല്കിയതല്ല. ജന്മസിദ്ധമായ അഭിനയപാടവം കൊണ്ടും അനുഭവങ്ങളുടെ അഗ്നി കൊണ്ടും അജയ്യമായ ആത്മവീര്യം കൊണ്ടും അദ്ദേഹം കീഴടക്കിയതാണ് ആ പദവി. അഭിനയ ലോകത്തെ ഹാസ്യ ചക്രവര്‍ത്തി.
പുരസ്കാരങ്ങള്‍
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
1989 മികച്ച രണ്ടാമത്തെ നടന് (മഴവില്‍ കാവടി)
കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം
2009 മികച്ച നടന് (പത്താം നിലയിലെ തീവണ്ടി)
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
2001 – മികച്ച സഹനടന്‍ (രാവണപ്രഭു)
2004 – മികച്ച സഹനടന്‍ (വേഷം)
2006 – മികച്ച ഹാസ്യനടന് (രസതന്ത്രം, യെസ് യുവര്‍ ഓണര്‍)
2008 – മികച്ച സഹനടന്‍ (ഇന്നത്തെ ചിന്താവിഷയം)
മറ്റ് പുരസ്കാരങ്ങള്‍
2007 – സത്യന് പുരസ്കാരം
2008 – മികച്ച പ്രകടനത്തിനുള്ള വാര്‍ഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)
2021 ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാര്‍ഡ്.
പഠനം എട്ടുവരെ, പിന്നെ രാഷ്ട്രീയം, നാടകം, സിനിമ, ബിസിനസ്
ഇരിങ്ങാലക്കുട: എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതിനുശേഷം ചെറുകിട ബിസിനസുകളും നടത്തി. എല്ലാം പരാജയമായിരുന്നു. തുടര്‍ന്ന് മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി കുറച്ചുകാലം ജോലി ചെയ്യുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങിയ ചില സിനിമകളില്‍ അഭിനയിച്ചു. ആ കാലത്ത് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം ദാവണ്‍ഗരെയില്‍ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ആ സമയത്ത് ദാവണ്‍ഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളില്‍ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ ഇന്നസെന്റ് അഭിനയിക്കുകയും അവിടെയുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ദാവണ്‍ഗരെയില്‍നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ഇവിടെ ചില ബിസിനസുകള്‍ ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1979 ല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ സ്വപ്നവുമായി നടന്ന എംജി ആറിന്റെ രണ്ടിലയായിരുന്നു ചിഹ്നം. ഇന്നസെന്റ് ആ കാലത്തും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. 1986 മുതലാണ് അദ്ദേഹം സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗജകേസരി യോഗം, ഗോഡ് ഫാദര്‍, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല … എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനാണ്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസില്‍ എന്നെന്നും നിലനില്ക്കുന്നതാക്കാന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനയത്തിനു കഴിയുന്നു. എല്ലാതരം റോളുകളും ചെയ്തിട്ടുണ്ടെങ്കിലും കോമഡിറോളുകളാണ് ഇന്നസെന്റിനെ പ്രേക്ഷകഹൃദയങ്ങളില്‍ പ്രിയങ്കരനാക്കിയത്.
മലയാളത്തിനുപുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ധാരാളം സ്റ്റേജ്ഷോകളിലും, ടെലിവിഷന്ഷോകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. നടന് എന്നതിനുപുറമെ ഇന്നസെന്റ് നിര്‍മാതാവുകൂടിയാണ്. നാലു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. രണ്ടു സിനിമകള്‍ക്ക് അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. ചില സിനിമകളില്‍ പാട്ടുപാടി താനൊരു ഗായകന് കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.
നല്ലൊരു എഴുത്തുകാരന് കൂടിയായ ഇന്നസെന്റ് നാലു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴകണ്ണാടി (ചെറുകഥാ സമാഹാരം), ചിരിയ്ക്കുപിന്നില്‍ (ആത്മകഥ), കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നിവയാണ് ആ പുസ്തകങ്ങള്‍. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് കുറച്ചുകാലം ചികിത്സാര്‍ഥം ആശുപത്രിയില്‍ കിടന്നതിന്റെ അനുഭവങ്ങളാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം.
അഭിനയത്തിന്റെ അരനൂറ്റാണ്ട്
നൃത്തശാല യില്‍ തുടങ്ങി കടുവ വരെ
750 സിനിമകളില്‍ അഭിനയം, നാല് സിനിമകള്‍ നിര്‍മിച്ചു
സിനിമാ രംഗത്തേക്ക് പ്രവേശിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുമ്പോഴായിരുന്നു ഈ ഹാസ്യതാരത്തിന്റെ അന്ത്യം. 1972 സെപ്റ്റംബര്‍ 9 നു റിലീസ് ചെയ്ത നൃത്തശാലയിലാണ് അദ്ദേഹം ആദ്യമായി തിരശീലയിലെത്തിയത്. എ.ബി. രാജ് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചതു ശോഭന പരമേശ്വരന് നായരാണ്. പ്രേംനസീറും ജയഭാരതിയും അടൂര്‍ഭാസിയുമായിരുന്നു പ്രധാനതാരങ്ങള്‍. ഇക്കാലത്തിനിടയില്‍ ഇന്നസെന്റ് 750 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമാ ലൊക്കേഷനായ കോടമ്പക്കത്തുപോയി കാത്തുകിടന്നു വലിയ നിലയില്‍ എത്തിയവര്‍ പറയുന്ന എല്ലാ കഥയും ഇന്നസെന്റിനും പറയാനുണ്ട്. ഉമ ലോഡ്ജിലെ പായയില്‍ ആര്‍ക്കെല്ലാമോ ഇടയില്‍ തിക്കിയും തിരക്കിയും കിടന്ന പഴയകാലം. ഭാര്യ ആലീസിനെയും മകനെയും കോടമ്പക്കത്തു കൊണ്ടുപോയി ഒറ്റമുറിയിലെ ദാരിദ്ര്യത്തില്‍ താമസിച്ച കാലം. 1973 ല്‍ ഇന്നസെന്റ് അഭിനയിച്ചത് മൂന്ന് സിനിമകളിലാണ്. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ വര്‍ഷം തോറും 40 സിനിമകളില്‍ വരെ അഭിനയിച്ചു. തൃശൂരിലെ തിയറ്ററില്‍ 89 ല്‍ റാംജിറാവ് സ്പീക്കിങ് എന്ന സിനിമ കണ്ടു താന്‍ സീറ്റിലിരുന്ന് വിതുമ്പികരഞ്ഞുവെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അന്നു തിയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തിയറ്ററിലും പുറത്തും മുഴുവന്‍ ജനം ഇന്നസെന്റിനെ കാണാന്‍ കാത്തുനില്ക്കുകയായിരുന്നു. അഭിനയത്തിനൊപ്പം ഇന്നസെന്റ് സിനിമ നിര്‍മിക്കുകയും ചെയ്തു. ഡേവീഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമ നിര്‍മാണ കമ്പനി തുടങ്ങി. ഭാര്യയുടെ സ്വര്‍ണം പണയംവച്ച് ഇന്നസെന്റ് നിര്‍മിച്ച വിട പറയും മുന്‍പെ എന്ന സിനിമ മലയാള സിനിമയുടെ മാറ്റത്തിന്റെ കാറ്റായിരുന്നു. കഥാകൃത്ത് എം. മുകുന്ദന്റെ ജ്യേഷ്ഠന് എം. രാഘവന് എഴുതിയ കഥയില്‍ നിന്നാണ് ഇളക്കങ്ങള്‍ എന്ന സിനിമയുണ്ടാകുന്നത്. മോഹന്‍ സംവിധാനം ചെയ്ത ഈ സിനിമ ഇന്നസെന്റിന്റെ വഴിത്തിരിവുകളില്‍ ഒന്നായി. രാഘവനെ കണ്ടുപിടിച്ചു കഥ വാങ്ങിയത് ഇന്നസെന്റാണ്. ഭരതന് സംവിധാനം ചെയ്ത ഓര്‍മയ്ക്കായ്, കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ശ്രീനിവാസന് തിരക്കഥയും മോഹന്‍ കഥയും സംവിധാനവും നിര്‍വഹിച്ച കഥ ഒരു നുണകഥ എന്നിവയുടെ നിര്‍മാണത്തിലും ഇന്നസെന്റ് പങ്കാളിയായി. 1980 നുശേഷം ഇന്നസെന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളു 2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു. 2022 ല്‍ റിലീസ് ചെയ്ത കടുവയിലും ഇന്നസെന്റുണ്ട്. തിളക്കം കൂടി കൂടി വന്ന 50 വര്‍ഷങ്ങള്‍.
ചിരിയുടെ ആശാനാണ് ഇന്നസെന്റ്; രോഗം വന്നാലും ചിരി,
കാന്‍സര്‍ വാര്‍ഡിലും ചിരിക്കുന്ന ഇന്നസെന്റ്
രോഗം വന്നും പോയും പലതരത്തില്‍ വിരട്ടാന്‍ നോക്കുമ്പോഴും ഇന്നസെന്റ് നിന്നു ചിരിക്കുകയാണ്. തന്നെ കാന്‍സര്‍ കവരാന്‍ നോക്കിയിട്ടും തളര്‍ന്നില്ല. വീണ്ടും അഭിനയ രംഗത്ത് തുടര്‍ന്നു. സെറ്റില്‍നിന്നു നേരെ ആശുപത്രിയിലേക്കു പോയി തിരികെ സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങള്‍. ഭാര്യക്കുകൂടി കാന്‍സര്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞു, അവള് എന്നോടുള്ള സ്നേഹം കൊണ്ടതു പ്രാര്‍ഥിച്ചു നേടി എന്നാണ്. എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മികച്ച നടന്. അതേ നടനം ജീവിതത്തിലും പലവട്ടം അസുഖ സമയത്ത് പയറ്റേണ്ടിവന്ന അനുഭവം എഴുതുന്നുണ്ട്. അദ്ദേഹത്തിലെ ചിരി ഇന്നസെന്റിന് നല്കിയ സമ്മാനം തന്നെയായിരുന്നു മലയാള സിനിമയിലെ മികച്ച ഹാസ്യതാരം എന്ന പദവി. ആ പദവിയില്‍ നില്ക്കുമ്പോള് തന്നെയാണ് കാന്‍സര്‍ എന്ന മഹാരോഗം അദ്ദേഹത്തിന്റെ തൊണ്ടക്കുഴിയെ കാര്‍ന്നു
തിന്നാന്‍ ആരംഭിച്ചതും നിരന്തരം അദ്ദേഹം ആശുപത്രി കിടക്കയിലായതും. അനുഭവങ്ങള്‍ ഒന്നും എഴുതാതെയിരിക്കാന്‍ ഇന്നസെന്റിനു ആകുമായിരുന്നില്ല. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഒരു പരിധിവരെ പക്ഷെ ചിരി മാത്രമല്ല മാനുഷിക ദുഖങ്ങളും ചില അവസ്ഥകളും പേറുന്നുണ്ട്. ചെറിയ അസുഖങ്ങളില്‍, അത് മാറി വരുമ്പോഴുള്ള അപാരമായ ഊര്‍ജത്തില്‍ അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് നാവിലെ തടിപ്പും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടില്‍ നിന്നും അസുഖം പുതിയ പേരുകളിലേക്കും വഴികളിലേക്കും തിരിഞ്ഞെത്തുന്നത്. സ്വാഭാവികമായും ആദ്യം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തകര്‍ന്നു വീഴല്‍ ഇന്നസെന്റും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ചു. പക്ഷെ അതില്‍ നിന്നു കര കയറേണ്ടത്, കുടുംബത്തെ കൂടി സങ്കടങ്ങളില്‍ നിന്നു കര കയറ്റേണ്ടത് തന്റെ ബാധ്യതയാണെന്ന തിരിച്ചറിവാകണം അദ്ദേഹത്തെ അസുഖത്തില്‍ പോലും ചിരിയുടെ നേര്‍ത്ത് വിരല്‍സ്പര്‍ശം കണ്ടെത്താന്‍ സഹായിച്ചത്. എംപി ആകുന്നതിന് മുന്‍പ് അസുഖബാധിതനായിരിക്കുമ്പോള്‍ ഇന്നസെന്റ് എഴുതിയ അനുഭവക്കുറിപ്പാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം. ഡോ. ഗംഗാധരനും ഡോ. ലിസിയും ആലീസും മക്കളും കൊച്ചു മക്കളും സത്യന് അന്തിക്കാടുമൊക്കെ കടന്നു വരുന്ന വലിയൊരു ലോകം ഈ ചെറിയ പുസ്തകത്തിനുള്ളിലുണ്ട്. ഓരോരുത്തരും അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച രീതി വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റിന്റെ ഡോക്ടര്‍ ലിസിക്കും അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന ഇന്നസെന്റിന്റെ അനുഭവക്കുറിപ്പുകള്‍ ആരംഭിക്കുന്നത്. ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ ആമുഖം തന്നെ. ഡോക്ടര്‍ പറയുന്ന അതേ വഴിയില്‍ കൂടി ശാസ്ത്രത്തെയും ഡോക്ടറെയും വിശ്വസിച്ച് മുന്നോട്ടുപോയ ധീരനായ ഒരു രോഗിയായിരുന്നു ഇന്നസെന്റെന്നു ഡോ. ഗംഗാധരന് പറയും. കാരണം കാന്‍സര്‍ രോഗികളില്‍ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത പോലും ഇന്നസെന്റിനെ അലട്ടിയിട്ടില്ല. ഒരുപക്ഷെ ഉള്ളില്‍ അലട്ടിയിട്ടുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാതെ സമര്‍ഥമായി മറച്ചു പിടിച്ച് അദ്ദേഹം അഭിനയിച്ചു. പക്ഷേ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞ് പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടര്‍ ഗംഗാധരന് സാക്ഷ്യപ്പെടുത്തുന്നു. രോഗത്തിന്റെ കാലത്തെ എല്ലാത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നൊരു അവധിക്കാലമായി കാണാനും ആ അനുഭവങ്ങള്‍ എഴുതി വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പകര്‍പ്പുകളാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം.
ഞാന്‍ എപ്പോഴും ജുബ്ബയാണ്, ഈ വേഷം ധരിക്കാനുള്ള കാരണത്തെക്കുറിച്ചു ഇന്നസെന്റ്
ഇന്നസെന്റിനെ കാണുന്ന കാലം മുതല്‍ ജുബ്ബയാണ് ധരിക്കുന്നത്. ഇങ്ങനെ ഒരു വേഷം അണിയാനുള്ള കാരണത്തെ കുറിച്ച് അദ്ദേഹം ഒരു നര്‍മ രീതിയില്‍ പറയുകയാണ്. ഒരിക്കല്‍ ജയറാം തന്റെ സ്വന്തം നാടായ പെരുമ്പാവൂരില്‍ ഒരു പ്രോഗ്രാമിനെത്തി. പ്രോഗ്രാമിന്റെ തിരക്കിനിടയില്‍ ആരോ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയി. ഭാഗ്യത്തിന് ജയറാം ജുബ്ബയാണ് ധരിച്ചിരുന്നത്. അന്ന് മുതല്‍ തനിക്കും തോന്നി ജുബ്ബയാണ് നല്ലതെന്ന്. മുണ്ടഴിഞ്ഞു പോയാലും ജുബ്ബയുണ്ടല്ലോ, നാണക്കേട് ഉണ്ടാവില്ലല്ലോ എന്നാണ് ഇന്നസെന്റിന്റെ വാദം. അന്ന് ജയറാം ജുബ്ബ അണിഞ്ഞതുകൊണ്ടു മുണ്ട് നഷ്ടപ്പെട്ടിട്ടും നാണം കെടേണ്ടി വന്നില്ലല്ലോ ഭാഗ്യം, എല്ലാ പ്രമുഖ വ്യക്തികളും ജുബ്ബ അണിയുന്നത് നല്ലതായിരിക്കുമെന്നായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം.
അവന് പിന്നെയും വന്നു, ഞാന്‍ ഗുഡ്ബൈ പറഞ്ഞു: ഇന്നസെന്റ്
പ്രിയമുളളവരെ, എന്റെ സുഹൃത്തായ കാന്‍സര്‍ രണ്ടാമതും വന്നു എന്ന വിവരം ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുമ്പ് നടത്തിയ സ്കാനിംഗില്‍ എന്റെ രോഗം പൂര്‍ണമായി മാറി എന്ന് ഡല്‍ഹി എയിംസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും അറിയിച്ചു. ഇനിയുളള കാലം പഴയതുപോലെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഒരായിരം നന്ദി….ഇന്നസെന്റ് 2018 ഡിസംബര്‍ 17 ന് ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിവ. കാന്‍സറില്‍ നിന്ന് മോചിതനായെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അറിയിച്ചാണ് ഇന്നസെന്റ് തന്റെ സന്തോഷം ഫേസ്ബുക്കിലൂടെ മലയാളികള്‍ക്കൊപ്പം പങ്കുവെച്ചത്. രണ്ടാമതും കാന്‍സര്‍ വന്നപ്പോള്‍ പേടിച്ചിരുന്നു. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് സംശയിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വിചാരമാണെന്ന് തിരിച്ചറിഞ്ഞു. അവസാനം നടത്തിയ സ്കാനിലും തന്റെ ശരീരത്തില്‍ ഒരംശം പോലും കാന്‍സറില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഇന്നസെന്റ് പറഞ്ഞു. ആദ്യം കാന്‍സര്‍ ബാധിച്ചശേഷം മുക്തനായെന്ന് പറഞ്ഞെങ്കിലും പിന്നീടും രോഗലക്ഷണം തുടരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഡല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അദ്ദേഹം വീണ്ടും ചികിത്സ തേടിയത്. എന്നാല്‍ ഇക്കുറി പൂര്‍ണമായും രോഗ വിമുക്തനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ ഒന്നാകെ ചിരിപ്പിച്ച് ഹൃദയങ്ങള്‍ കീഴടക്കിയ ഇന്നസെന്റിന്റെ രോഗബാധ മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ഥനകളുമായി രംഗത്തെത്തിയത്. മികച്ച നടന് എന്നതിലുപരി മികച്ച ജനപ്രതിനിധി എന്ന നിലയില്‍ കൂടി തിളങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന് രണ്ടാം തവണയും കാന്‍സര്‍ ബാധിച്ചത്.
ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി കേരള പാഠാവലിയില്‍
ഇരിങ്ങാലക്കുട: ചിലര്‍ക്ക് രോഗം വന്നാല്‍ അത് ജീവിതത്തില്‍ തീരാദുഖമാകുന്നുവെങ്കില് ഹാസ്യതാരം ഇന്നസെന്റിന്റെ കാര്യമാകട്ടെ മറിച്ചായിരുന്നു. ഇന്നസെന്റിനു പിടിപെട്ട കാന്‍സര്‍ രോഗം വിദ്യാര്‍ഥികള്‍ക്ക് പാഠ്യ വിഷയമായിരുന്നു. മഹാരോഗങ്ങളെ മനക്കരുത്തുമായി മഹാചിരികൊണ്ട് കീഴടക്കിയ കഥ അഞ്ചാം ക്ലാസിലെ കേരള പാഠാവലിയില്‍ 52, 53 പേജുകളിലായാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. തനിക്കു വന്ന മാറാരോഗത്തില്‍ നിന്നും മുക്തി നേടിയ സംഭവം വളരെ ഹാസ്യാത്മകമായ രീതിയിലാണ് ഈ അധ്യായത്തില്‍ വിവരിച്ചിട്ടുള്ളത്. മാറാരോഗങ്ങള്‍ക്ക് മൂന്ന് അവസ്ഥയുണ്ടെന്നും ആ അവസ്ഥയില്‍ രോഗി അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളെയും വിവരിച്ചുകൊണ്ടാണ് ഈ അധ്യായത്തിന്റെ തുടക്കം. രോഗത്തെ കുറിച്ചറിയുമ്പോള്‍ രോഗിക്കുണ്ടാകുന്ന കടുത്ത ഏകാന്തത ഒന്നാം ഘട്ടമാണെന്നും ചികിത്സക്കൊപ്പം രോഗത്തെ മറികടക്കാനുള്ള യത്നങ്ങളാണ് അടുത്തഘട്ടമെന്നും സൂചിപ്പിക്കുന്നുണ്ട്. തന്റെ അസുഖത്തില്‍ ഡോക്ടറുടെ മരുന്നുകള്‍ക്കപ്പുറം ചിരിയായിരുന്നു തന്റെ സ്വന്തം മരുന്നും മാനസികമായുള്ള പിന്ബലവുമെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. കാന്‍സര്‍ രോഗം വന്ന സമയത്തെ ഇരിങ്ങാലക്കുടയിലെ പ്രസിദ്ധമായ കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപ്പെരുന്നാളിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിച്ച രീതി വളരെ ഹാസ്യാത്മകമായി വിവരിക്കുന്നുണ്ട്. രോഗബാധിതനായ സമയത്തുപോലും ചിരി വിടാതെ കൊണ്ടുനടക്കുന്നതിനെ കേരളത്തിന്റെ മഹാനടന് മമ്മൂട്ടി പ്രശംസിക്കുന്നതും പിണ്ടിപ്പെരുന്നാളിന് ആളനക്കമില്ലാത്ത ‘പാര്‍പ്പിടം’ കണ്ട വഴിപോക്കന്റെ ‘ഇന്നസെന്റിന്റെ വീട്ടില്‍ ആരെങ്കിലും മരിച്ചുവോ?’ എന്ന ചോദ്യത്തിന് അടുത്ത കൊല്ലം മരിക്കേണ്ടതിന്റെ റിഹേഴ്സലാണെന്ന് പറയുന്നതൊക്കെ ആത്മധൈര്യത്തിന്റെയും നര്‍മബോധം പ്രതിരോധ കവചമാക്കി മാറ്റിയതിന്റെയും മകുടോദാഹരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നു. ഡോക്ടറുടെ മരുന്നിനൊപ്പം തന്റേതായ ഔഷധമായ ചിരിയുടെ നര്‍മബോധവും പിന്ബലമാക്കിയ അനിതര സാധാരണമായ പ്രതിരോധത്തിന്റെ കഥ വിവരിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ ആത്മബലവും ആത്മവിശ്വാസവും വളര്‍ത്താന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.
ഞാന്‍ പഠിച്ചു നന്നാവില്ലെന്നു എനിക്കു തന്നെ അറിയാമായിരുന്നു-ഇന്നസെന്റ്
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ പദവി മുതല്‍ പാര്‍ലമെന്റ് അംഗം വരെ നീളുന്ന രാഷ്ട്രീയ ജീവിതവുമുള്ള ഇന്നസെന്റ് തന്റെ വിദ്യാഭ്യാസത്തിന്റെ രസതന്ത്രം രസകരമായാണ് പറയാറ്. പ്രഗത്ഭരായ അധ്യാപകര്‍ ഇന്നസെന്റിനെ പഠിപ്പിച്ചിട്ടുണ്ട്. വൈലോപ്പിള്ളി ശ്രീധരമേനോനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കെ.വി. രാമനാഥന് എന്നിവര്‍ ഇന്നസെന്റിനെ പഠിപ്പിച്ചിട്ടുണ്ട്. ലിറ്റില്‍ ഫല്‍ര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ബോസ്കോ
സ്കൂള്‍, എസ്എന്‍ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എല്ലാ വേദികളിലും തന്റെ പഠനകാര്യവുമായി ബന്ധപ്പെട്ടു തമാശ വിതറികൊണ്ട് തന്നെ ഇന്നസെന്റ് സൂപ്പര്‍ താരമാകാറുണ്ട്. തന്റെ എല്ലാ വിജയങ്ങളുടെയും പുറകില്‍ പ്രവര്‍ത്തിച്ചത് തമാശ മാത്രമാണെന്ന് അഭിപ്രായപ്പെടുന്ന വ്യക്തിയാണ് ഇന്നസെന്റ്. ഒന്നു മുതല്‍ എട്ടുവരെ 12 കൊല്ലം പഠിച്ചു. മാര്‍ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തുള്ളതായി എന്റെ ശ്രദ്ധ. ഇത്രയും കൊല്ലം കൊണ്ട് പല സ്കൂളുകളിലായി ഒരുപാട് സുഹൃത്തുക്കളെയുണ്ടാക്കി. മാഷുമാരോടും, കുട്ടികളോടും തമാശകള്‍ പറഞ്ഞു. സ്കൂള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്റെ എല്ലാ വിജയങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് തമാശ മാത്രമാണ്. സ്കൂള്‍ കലോത്സവത്തിനു മത്സരിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതിനൊപ്പം ഞാന്‍ മനുഷ്യരെ അടുത്തറിയാനും, നേതൃത്വത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാനും തുടങ്ങി. ഈ അറിവ് പിന്നീടുള്ള കാലങ്ങളില്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. ലോകസഭയിലേക്ക് ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തു. പഠിപ്പും പത്രാസുമില്ലാത്ത എനിക്ക് ഇവയെല്ലാം വലിയ അംഗീകാരങ്ങളായി തോന്നി. ഇന്നസെന്റ് പറയുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ ദിവസം അദ്ദേഹം പറഞ്ഞു, എന്നെ ജനം സിനിമയിലേക്ക് തിരിച്ചുവിട്ടു.
കഷ്ടപാടുകളിലൂടെ വളര്‍ന്ന് ചിരിയുടെ ആള്‍രൂപമായ ഇതിഹാസം
അപ്പനായിരുന്നു ഇന്നസെന്റിന്റെ വഴിയും വിളക്കും വെളിച്ചവും
ഇന്നസെന്റിന്റെ അനുഭവക്കുറിപ്പുകളില്‍ പരാജിതമായ വേഷങ്ങളുമുണ്ട്. പല വേഷങ്ങള്‍ കെട്ടിയുള്ള അലച്ചിലുണ്ട്, അവയ്ക്കിടയില്‍ കണ്ടുമുട്ടിയ വിചിത്രരായ മനുഷ്യരും അവരുടെ ജീവിതവുമുണ്ട്. കച്ചവട തകര്‍ച്ചയും നാടുവിടലും പട്ടിണിയുമുണ്ട്. ഇരിങ്ങാലക്കുടയിലേയും ദാവണ്ഗരെയിലേയും മദിരാശിയിലെയും മനുഷ്യരും കാഴ്ച്ചകളുമുണ്ട്. സിനിമയില്‍ അവസരം കിട്ടാനായി അലഞ്ഞു നടന്ന ഇന്നസെന്റ് അനുഭവിച്ച പ്രയാസങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. പഠിപ്പിന്റെയും പരീക്ഷയുടെയും ലോകത്ത് എന്നും പിന്‍ബഞ്ചിലായിരുന്നു ഇന്നസെന്റിന്റെ സ്ഥാനം. എല്ലാ ക്ലാസുകളിലും ഏറ്റവും ബുദ്ധികുറഞ്ഞവനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. പഠിപ്പും വരുമാനവുമില്ലാതെ അലഞ്ഞു നടക്കുന്ന കാലത്ത് അദ്ദേഹത്തിനു കൈമുതലായി ഉണ്ടായിരുന്നത് മറ്റുള്ളവരെ ചിരിപ്പിക്കുവാനുള്ള കഴിവുമാത്രമായിരുന്നു. ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും ചെറു സദസുകളിലും ഫലിതം പറഞ്ഞും കേള്‍വിക്കാര്‍ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചും വിശപ്പടക്കിയും നാളുകള്‍ നീക്കിയ അദ്ദേഹം ഉപജീവനത്തിനായി പല തൊഴിലുകളും പരീക്ഷിച്ചു. തീപ്പെട്ടി കമ്പനി, സ്റ്റേഷനറി കട, സിമെന്റ് ഏജന്‍സി, വോളിബോള്‍ ടീം മാനേജര്‍ അങ്ങനെ പലതും. കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ തീപ്പെട്ടി കമ്പനി ഉടമയായിരുന്ന ഇന്നസെന്റ് അവസാനം കടത്തില്‍ മുങ്ങി ആരും അറിയാതെ രാത്രി നാട്ടിലേക്കു മടങ്ങുകയായിരുന്നു. തീപ്പെട്ടി കമ്പനിയിലേക്കുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ ശിവകാശിക്കു പോകുമ്പോഴാണ് മദിരാശിയിലും കോടമ്പക്കത്തും കറങ്ങുന്നതും സിനിമ തലയ്ക്കു പിടിക്കുന്നതും. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ താരമായി വളര്‍ന്ന ഇന്നസെന്റ് മഴവില്‍ക്കാവടി, റാംജിറാവു സ്പീക്കിങ്, കിലുക്കം, ദേവാസുരം, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലര്‍, മനസിനക്കരെ തുടങ്ങി എത്രയെത്ര സിനിമകളിലൂടെയാണ് പ്രേക്ഷകരുടെ ഹരമായി മാറിയത്. അപ്പനായിരുന്നു അദ്ദേഹത്തിന്റെ വഴിയും വിളക്കും വെളിച്ചവും. മനുഷ്യനില്‍ നിന്നും ജീവിതത്തില്‍ പഠിക്കാന്‍ തന്നെ പഠിപ്പിച്ച പിതാവ് തെക്കേത്തല വറീതിനാണ് ഇന്നസെന്റ് തന്റെ ആത്മകഥ സമര്‍പ്പിച്ചിരിക്കുന്നത്. ഏതു പ്രതിസന്ധിയേയും പൊട്ടിച്ചിരിയോടെ നേരിട്ട അപ്പനെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയപ്പോഴാണ് ഇന്നസെന്റ് ചിരിയുടെ ആള്‍രൂ
രാഷ്ട്രീയത്തില്‍ നഗരസഭാ കൗണ്‍സിലര്‍ മുതല്‍ ലോകസഭാംഗം വരെ
രണ്ടിലയിലും കുടത്തിലും വിജയം; പാര്‍ട്ടി ചിഹ്നത്തില്‍ പരാജയം
പൊതു പ്രവര്‍ത്തന രംഗത്ത് ഇന്നസെന്റ് മുനിസിപ്പല്‍ കൗണ്‍സിലറും ലോകസഭാംഗവുമായി. രാഷ്ട്രീയ രംഗത്ത് ആര്‍എസ്പി യുടെ മണ്ഡലം സെക്രട്ടറി എന്ന സ്ഥാനം വഹിച്ചിരുന്നു. 1979 ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ 12-ാം വാര്‍ഡില്‍ നിന്നാണ് വിജയം നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയിട്ടായിരുന്നു മത്സരരരംഗത്തുണ്ടായിരുന്നത്. സിനിമാ പ്രേമമുള്ളതിനാല് എംജി ആറിന്റെ രണ്ടിലയായിരുന്നു ചിഹ്നം. 1984 വരെ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്നു. പിന്നീട് സിനിമാരംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ 12 വര്‍ഷം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മെയ് മാസത്തില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്നസെന്റ് 92484 വോട്ടുകള്‍ക്കാണ് എഐസിസി വക്താവായിരുന്ന പി.സി. ചാക്കോയെ തോല്പിച്ചത്. 2019 ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.