ഗ്രാമീണ വായനശാലയുടെ ഭൂമി ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു
ഇരിങ്ങാലക്കുട: രചിക്കപ്പെട്ട അക്ഷര ഗ്രന്ഥങ്ങളുടെ ആധികാരികത തുറന്നുവെച്ച് ആർക്കും തിരുത്താവുന്ന നിലയ്ക്കുള്ള നവമാധ്യമ സാങ്കേതിക സംവിധാനങ്ങൾക്കില്ലയെന്ന് കാക്കത്തിരുത്തി ഗ്രാമീണ വായനശാലയുടെ ഭൂമി ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വായനശാലയ്ക്ക് വേണ്ടി മൂന്ന് സെന്റ് സ്ഥലം വിട്ടുതന്ന സിഷോർ ഗ്രൂപ്പിനെ വേദിയിൽ വെച്ച് മന്ത്രി അഭിനന്ദിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി മുഹമ്മദാലി (സിഷോർ ഗ്രൂപ്പ്) പങ്കെടുത്തു. കെ.വി. സുകുമാരൻ, ബിജോയ് കളരിക്കൽ, ഭരതൻ കണ്ടെങ്ങാട്ടിൽ, കാഞ്ചന രാമചന്ദ്രൻ, സിഷോർ ഹുസൈൻ എന്നിവർ സംസാരിച്ചു. രക്തഗ്രൂപ്പ് നിർണയവും നോട്ടുപുസ്തക വിതരണവും നടന്നു. എസ്എസ്എൽസി ഫുൾ എ പ്ലസ് ജേതാക്കളെ അനുമോദിച്ചു. സെക്രട്ടറി കെ.വി. ഹരിദാസ് സ്വാഗതവും പ്രസിഡന്റ് സുരേഷ് അരയംപറമ്പിൽ നന്ദിയും പറഞ്ഞു.