കാട്ടൂരില്‍ ഡെങ്കിപ്പനി; ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിഭാഗം
കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡിലെ പരിസരപ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിച്ചു. വളണ്ടിയര്‍മാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. വീടുകളില്‍ മുന്നറിയിപ്പ് നോട്ടീസ് നല്കി. ഈഡിസ് ഈജിപ്റ്റി ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതിനാല്‍ വീട്ടിലും പരിസരങ്ങളിലും കൊതുകും കൂത്താടികളും ഇല്ലെന്ന് ഓരോ വീട്ടുകാരും ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു. പനിയോ രോഗലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷ് അറിയിച്ചു.