കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു, കുട്ടംകുളം സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: സിപിഐ
ഇരിങ്ങാലക്കുട: അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ഇരിങ്ങാലക്കുടയില്‍ നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്റെ 77 ാം വാര്‍ഷികം സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കുട്ടംകുളം പരിസരത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് പതാക ഉയര്‍ത്തി. മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു, എ.ജെ. ബേബി എന്നിവര്‍ നേതൃത്വം നല്കി. കുട്ടംകുളത്തിന്റെ ചുറ്റുമതിലിന്റെ പുനര്‍നിര്‍മ്മാണവും, കുട്ടംകുളം സ്മാരക നിര്‍മാണവും വൈകുന്നത് ഉചിതമല്ലെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു. കുട്ടംകുളം സമരത്തിന്റെ 70 ാം വാര്‍ഷിക വേളയിലാണ് കുട്ടംകുളം സമരത്തിന് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് കുട്ടംകുളത്തിന്റെ തെക്കേമതില്‍ ഇടിഞ്ഞുവീണത്. മതില് പുനര്‍ നിര്‍മാണവും ഇതുവരെ നടന്നില്ല. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡ് അപകടസ്ഥിതിയിലാണ്. നാലമ്പല ദര്‍ശനം ആരംഭിച്ചാല്‍ ഇത് കൂടുതല്‍ ദുഷ്ക്കരമാകും. വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാതിരിക്കുവാനുള്ള മുന്‍കരുതല്‍ എടുക്കണമെന്നും പി. മണി ആവശ്യപ്പെട്ടു.