നെല്ലായി റോഡ് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക അനുമതി ലഭ്യമായി: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി ആധുനിക രീതിയില്‍ നവീകരിക്കുന്ന ആനന്ദപുരം നെല്ലായി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎല്‍എയുമായ ഡോ. ആര്. ബിന്ദു അറിയിച്ചു. നേരത്തെ സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ വകയിരുത്തിയിരുന്നു. ഇതിന് പുറമെ നിര്‍മ്മാണത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എഴുപത്തിയാറ് ലക്ഷം രൂപക്കുള്ള ഭരണാനുമതിയും കൂടി ലഭ്യമാക്കിയാണ് ഇപ്പോള്‍ പത്തുകോടി എഴുപത്തിയാറ് ലക്ഷം രൂപക്കുള്ള എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാക്കിയിരിക്കുന്നത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ ആനന്ദപുരം നെല്ലായി റോഡ് മുരിയാട്, ആളൂര്‍, വേളൂക്കര പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും നിരവധി ജനങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന പ്രധാന പാതയാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇരിങ്ങാലക്കുടയില്‍ നിന്നുള്ളവര്‍ക്ക് ദേശീയ പാതയിലേക്കും ദേശീയ പാതയില്‍ നിന്നും ഇരിങ്ങാലക്കുടയുടെ തെക്കുകിഴക്കന്‍ മേഖലയിലേക്കെത്തുന്നവര്ക്കും ഏറെ ഉപകാരപ്രദമാകും.