പൂവിളി..പൂവിളി…പൊന്നോണമായി…ഓണത്തെ വരവേറ്റ് എടതിരിഞ്ഞിയില്‍ ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു
ഇരിങ്ങാലക്കുട: ഓണമടുത്തതോടെ ചെണ്ടുമല്ലിച്ചേലിലാണ് എടതിരിഞ്ഞി. മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ ഇടകലര്‍ന്ന ചെണ്ടുമല്ലിച്ചെടികള്‍ പൂത്തുലഞ്ഞ് നില്ക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനു സമീപത്തുള്ള അഞ്ചേക്കര്‍ ചെണ്ടുമല്ലി തോട്ടത്തിലാണ് ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. 8000 ചെണ്ടുമല്ലി ചെടികളാണ് പൂത്തുനില്‍ക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ് ചെണ്ടുമല്ലി പൂക്കള്‍ക്കൊപ്പം ചിത്രമെടുക്കാനും സമയം ചിലവഴിക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. ഒരു പ്രദേശം നിറയെ ചെണ്ടുമല്ലി പൂത്തുനില്ക്കുന്ന ഈ മനോഹര കാഴ്ച കര്‍ണാടകയിലെ ബന്തി പാടങ്ങളിലെത്തിയ പ്രതീതിയാണ്. ഇരിങ്ങാലക്കുട കോമ്പറ സ്വദേശി വെള്ളയത്ത് ഭക്തവത്സന്റെ നേതൃത്വത്തില്‍ എട്ടുപേരടങ്ങുന്ന കൂട്ടായ്മയാണ് ഈ പൂകൃഷിക്കു നേതൃത്വം നല്‍കുന്നത്. ഇരിങ്ങാലക്കുട അക്കിപറമ്പത്ത് വിജയന്, നന്ദകുമാര്‍ ചിറ്റിക്കാപറമ്പില് ചേര്‍പ്പ്, സുഹറ അഷറഫ് ചേലൂര്‍, സുജാത വിജയന് കിഴുത്താണി , പരീഷിത്ത് വെള്ളയത്ത് ആനന്ദപുരം, സുപ്രിയ കണ്ണോളി ആറാട്ടുപുഴ, എ.വി. സാഗര്‍ ഗുരുവായൂര്‍ എന്നിവരാണ് ഭക്തവത്സനോടൊപ്പമുള്ളത്.
ഹൈബ്രിഡ് ഇനത്തിലുള്ള ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി വിത്തുകള്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിച്ചാണ് കൃഷി ആരംഭിച്ചത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പ്ലാസ്റ്റിക് മള്ജിം കൃഷിരീതിയും ഡ്രിപ്പ് ഇറിഗേഷന്‍ ജലസേചനവും പരീക്ഷിച്ചത് കളശല്യവും വളപ്രയോഗവും കുറക്കുവാനും ഇതുമൂലം തൊഴിലാളികളെ കുറക്കുന്നതിനും സഹായകമായി. ഒാണത്തിന് കിലോക്ക് 250 രൂപയാണ് പ്രതീക്ഷിക്കുന്ന വില. വിദേശത്തുവച്ചുണ്ടായ കൂട്ടായ്മയാണ് ഇവരുടേത്. 30 എക്കര്‍ പാട്ടത്തിനെടുത്ത് ഈ എട്ടംഘ സംഘം കൃഷി നടത്തി വരുന്നുണ്ട്. ആറ് വര്‍ഷമായി ഈ കൂട്ടായ്മ നിലനില്ക്കുന്നു. വാഴ കൃഷിയാണ് പ്രധാനം. കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം ആറായിരത്തോളം വാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്.
വാഴകൃഷിയില്‍ വരുമാനം ലഭിക്കാൻ സമയ ദൈര്‍ഘ്യം എടുക്കുന്നതിനാല്‍ ഇവര്‍ ഇപ്പോള്‍ മറ്റു കൃഷിയിലേക്കും തിരിഞ്ഞീട്ടുണ്ട്. ആറ് ഏക്കറില്‍ പൊട്ടുവെള്ളരിക്കയും ചേലൂര്‍ പള്ളിക്കു സമീപം രണ്ട് ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഒണത്തിനായി ഇന്ന് പൂ കൃഷയുടെ വിളവെടുപ്പ് നടക്കും.