ആളൂരില്‍ യുവാക്കളെ വാളുവീശി ആക്രമിച്ച പ്രതി അറസ്റ്റിലായി
ഇരിങ്ങാലക്കുട: ആളൂരില്‍ യുവാക്കളെ വാളുവീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂര്‍ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പില്‍ രതീഷ് എന്ന മുറി രതീഷി നെയാണ് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോഗ്രയുടെ നിര്‍ദേശപ്രകാശം ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും ഇന്‍സ്പെക്ടര്‍ കെ.സി. രതീഷും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന മാനാട്ടുകുന്നു സ്വദേശികളായ സുല്‍ത്താന്‍, ഷിഹാബ് എന്നിവര്രെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. മദ്യപിച്ച് സ്കൂട്ടറില്‍ വരികയായിരുന്ന പ്രതിയും സുഹൃത്തും പരാതിക്കാരെ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചു. ഇത് ചോദ്യംചെയ്തതോടെ ആക്രമണംനടത്തിയ പ്രതികള്‍ സ്ഥലത്ത് വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചു. സംഭവശേഷം രക്ഷപ്പെട്ട രതീഷ് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ തമിഴ്നാട്ടിലടക്കം ഒളിവില്‍ കഴിയുകയായിരുന്നു. തിരുവോണദിവസം അര്‍ധരാത്രിയാണ് കല്ലേറ്റുംകരയില്നിന്ന് രതീഷിനെ പോലീസ് സംഘം പിടികൂടിയത്. കൂട്ടുപ്രതി നേരത്തേ അറസ്റ്റിലായിരുന്നു. ആളൂര്‍ സ്റ്റേഷന് റൗഡി ലിസ്റ്റിലുള്ള മദ്യത്തിനടിമയായ രതീഷ് നാട്ടിലെ സ്ഥിരം ശല്യക്കാരനാണ്. ഇരിങ്ങാലക്കുട,കൊടകര, ആളൂര്‍ സ്റ്റേഷനുകളിലായി കൊലപാകശ്രമം, അടിപിടി, ആയുധം കൈവശംവയ്ക്കല്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആളൂ് എസ്ഐ വി.പി. അരിസ്റ്റോട്ടില്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ കെ.എസ്. ഉമേഷ്, ആളൂര്‍ സ്റ്റേഷന് സീനിയര്‍ സിപിഒമാരായ എ.ബി. സതീഷ്, അനില്‍കുമാര്‍, ലിജോ, സിപിഒ ഐ.വി. സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ ചെയ്തു.