ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരി, കളക്ടറുടെ ഇടപെടലിൽ പുന:സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ഫ്യൂസ് കെഎസ്ഇബി അധികൃതര്‍ ഊരി. പ്രതിഷേധം ഉയരുകയും വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടുകയും ചെയ്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു നാടകീയ സംഭവങ്ങള്‍.
കംഫര്‍ട്ട് സ്റ്റേഷന്റെ ഒരു മാസത്തെ ബില്ലാണ് കുടിശികയായി ഉണ്ടായിരുന്നത്. നഗരസഭയില്‍ കഴിഞ്ഞ മാസം 19ന് ചാര്‍ജ് എടുത്ത സെക്രട്ടറി പിന്നീട് ഓഫീസില്‍ എത്താതിരുന്ന സാഹചര്യത്തില്‍ സൂപ്രണ്ടിന് ചാര്‍ജ് കിട്ടിയത് കഴിഞ്ഞ മാസം 30നാണ്. ഡിജിറ്റല്‍ ഒപ്പ് സംബന്ധിച്ച സാങ്കേതികവിഷയം ഉണ്ടായിരുന്നതുകൊണ്ട് ചെക്ക് എഴുതാന്‍ വൈകിയതാണെന്നും വിഷയം കെഎസ്ഇബി അധികൃതരെ ചെയര്‍പേഴ്സണ്‍ ധരിപ്പിച്ചിരുന്നുവെന്നും നഗരസഭാ സൂപ്രണ്ട് പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ജില്ലാ കളക്ടറെ ധരിപ്പിക്കുകയും കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വൈകീട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയുമായിരുന്നു. കുടിശികയുള്ള സ്ഥാപനങ്ങളുടെ കണക്ഷനുകള്‍ വിഛേദിക്കണമെന്ന കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതാണെന്നും വിഷയം ശ്രദ്ധയില്വന്നതിനെ തുടര്‍ന്ന് ഉടന്‍ നടപടി സ്വീകരിച്ചതായും കെഎസ്ഇബി വൃത്തങ്ങള്‍ വിശദീകരിച്ചു.