ഇരിങ്ങാലക്കുടയില്‍ വീണ്ടും നിക്ഷേപത്തട്ടിപ്പ്; വിശ്വദീപ്തി തട്ടിപ്പ് കേസില്‍ മാനേജര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: നിക്ഷേപത്തട്ടിപ്പില്‍ വിശ്വദീപ്തി സ്ഥാപനത്തിന്റെ മാനേജര്‍ അറസ്റ്റില്‍. മുട്ടിത്തടി സ്വദേശിനി അറക്കല്‍ വീട്ടില്‍ ജീവലത (39) യെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയില്‍ നിന്ന് 13,50000 (പതിമൂന്ന് ലക്ഷത്തിയമ്പതിനായിരം രൂപ), തലോര്‍ സ്വദേശിയില്‍ നിന്ന് 100000 (ഒരു ലക്ഷം രൂപ), കോണത്തുകുന്ന് സ്വദേശിയില്‍ നിന്ന് 1500000 (പതിനഞ്ച് ലക്ഷം രൂപ), ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് 550000 (അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ) എന്നിങ്ങനെ സ്ഥിര നിക്ഷേപം ആയി വാങ്ങിയ ശേഷം പലിശ നല്‍കാതെയും നിക്ഷേപിച്ച പണം തിരികെ നല്‍കാതെയും ആയിരുന്നു തട്ടിപ്പ്. ജീവലതയെ മുട്ടിത്തടിയിലുള്ള വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ജീവലതയെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്്, സബ് ഇന്‍സ്പെക്ടര്‍മാരായ സി.എം ക്ലീറ്റസ്, പ്രസന്നകുമാര്‍, എ.എസ്.ഐ. മാരായ സുനിത, ഷാബു, സി.പി.ഒ.മാരായ സിജു, ജോവിന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.