ബാറിലെ ജീവനക്കാരനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഗുണ്ട അറസ്റ്റില്‍

ഇരിങ്ങാലക്കുട: മദ്യപിച്ച പണം ചോദിച്ചതിലുള്ള വിരോധത്താല്‍ കാട്ടൂരുള്ള ബാറിലെ ജീവനക്കാരനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ട അറസ്റ്റില്‍. കാട്ടൂരുള്ള ബാറില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന എടത്തിരുത്തി വെസ്റ്റ് സ്വദേശിയായ കൊല്ലാറ വീട്ടില്‍ മോഹന്‍ലാല്‍ (66) നെയാണ് സോഡാകുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കാട്ടൂര്‍ മുനയം സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ പ്രണവ് (33) നെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രണവും സുഹൃത്തും കൂടി കാട്ടൂരുള്ള ബാറില്‍ വന്ന് കഴിഞ്ഞ ദിവസം പകല്‍ മൂന്നരയ്ക്ക് മദ്യപിച്ച് ശേഷം പൈസ കൊടുക്കാതെ പുറത്തു പോവുകയും അരമണിക്കൂറിന് ശേഷം തിരികെ വന്ന് വീണ്ടും മദ്യം ചോദിച്ചപ്പോള്‍ ആദ്യം കഴിച്ച മദ്യത്തിന്റെ പണം തരാതെ തുടര്‍ന്ന് മദ്യം തരില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞതിലുള്ള വൈരാഗ്യത്തില്‍ പ്രണവ് മോഹന്‍ലാലിനെ അസഭ്യം പറയുകയും ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അവിടെയുണ്ടായിരുന്ന സോഡ കുപ്പി എടുത്ത് മോഹന്‍ലാലിന്റെ തലക്കു അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രണവിന് കാട്ടൂര്‍, കയ്പമംഗലം, ആളൂര്‍, കൊടകര പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസും നാല് അടിപിടിക്കേസും, ഭീഷണിപ്പെടുത്തിയതിന് രണ്ട് കേസും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ എട്ട് കേസുകളും, പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതിന് രണ്ട് കേസും, സര്‍ക്കാര്‍ മുതലുകള്‍ നശിപ്പിച്ചതിനുള്ള ഒരു കേസും അടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജു,. എസ്.ഐ. മാരായ ബാബു ജോര്‍ജ്, തോമസ്, നൗഷാദ്, എ.എസ്.ഐ. അസീസ്, എസ്.സി.പി.ഒ മാരായ ബിന്നല്‍, കിരണ്‍, സി.പി.ഒ അബീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.