കൂടല്‍മാണിക്യം: കഴകം തസ്തികയിലേക്ക് പുതിയ നിയമനം; അഡൈ്വസ് മെമ്മോ അയച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം തസ്തികയിലേക്ക് പുതിയ നിയമനം. ആലപ്പുഴ ചേര്‍ത്തല കലവുകോടം ഉത്രടം വീട്ടില്‍ കെ.എസ് അനുരാഗ് (23) നാണ് ക്ഷേത്രത്തില്‍ പുതിയ കഴകക്കാരനായി നിയമനം ലഭിച്ചിരിക്കുന്നത്. ഈഴവ സമുദായാംഗമാണ് അനുരാഗ്. നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ദേവസ്വത്തിന് അയച്ചു. അഡൈ്വസ് മെമ്മോ പ്രകാരം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിയമന ഉത്തരവ് ഇറക്കാമെങ്കിലും വിവാദവിഷയമായതിനാല്‍ ദേവസ്വം ഭരണസമിതിയോഗത്തിന്റെ പരിഗണനയ്ക്കു ശേഷമാണ് നിയമന ഉത്തരവ് നല്‍കുക. അടുത്ത ദിവസം ദേവസ്വം ഭരണസമിതി യോഗം ചേരുന്നുണ്ട്. റാങ്കുപട്ടികയിലെ ഒന്നാം സ്ഥാനക്കാരനും എംഎക്കാരനുമായ ബി.എ. ബാലു ഈഴവനാണെങ്കിലും പൊതുവിഭാഗത്തിലായിരുന്നു നിയമനം. രണ്ടാം സ്ഥാനം ഈഴവ സംവരണമായതിനാലാണ് സപഌമെന്ററി ലിസ്റ്റില്‍ നിന്നുള്ള 23 കാരനായ അനുരാഗിന് അവസരം ലഭിച്ചത്. ബികോം ബിരുദധാരിയായ അനുരാഗ് ഇപ്പോള്‍ എറണാകുളത്തെ ഓഡിറ്റിംഗ് സ്ഥാപനത്തിലാണ് ജോലി. രണ്ട് പിതൃസഹോദരന്മാര് പൂജാരിമാരാണ്. ഒരാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരിയാണ്. ഫെബ്രുവരി 24ന് മാലകെട്ടു കഴകക്കാരനായി ബി.എ. ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തിലെ ആറ് ബ്രാഹ്മണ തന്ത്രിമാരും ക്ഷേത്രബഹിഷ്കരണ സമരം നടത്തിയിരുന്നു. തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാലുവിനെ ഓഫീസ് അറ്റന്‍ഡന്റായി മാറ്റിയ ശേഷമേ തന്ത്രിമാര്‍ പ്രതിഷ്ഠാദിനം ഉള്‍പ്പടെയുള്ള ക്ഷേത്രചടങ്ങുകള്ക്കെത്തിയുള്ളൂ. മേയ് എട്ടിനാണ് കൂടല്‍മാണിക്യം ഉത്സവം കൊടിയേറുന്നത്. പത്ത് ദിവസത്തെ ഉത്സവത്തിന് ദിവസവും തന്ത്രിപൂജകളാണ് നടക്കുന്നത്. അനുരാഗ് ചുമതലയേറ്റാല്‍ തന്ത്രിമാരുടെ ഭാഗത്തുനിന്നും എതിര്‍പ്പ് ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ഇപ്പോള്‍ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്. എന്നാല്‍ കഴകം നിയമനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ക്ഷേത്രത്തിലെ പാരമ്പര്യ കഴകം അവകാശിയായ തെക്കേ വാര്യത്ത് കുടുംബാംഗം ഹരിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്.
ജോലിയെ സംബന്ധിച്ച് ആശങ്കയില്ല കെഎസ് അനുരാഗ്

ജോലിയെ സംബന്ധിച്ച് യാതൊരു വിധ ആശങ്കയില്ലെന്നും നിയമന ഉത്തരവ് കിട്ടിയാലുടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അനുരാഗ് വ്യക്തമാക്കി. കഴകം തസ്തികില്‍ ജോലി ലഭിച്ചത് ദൈവാനുഗ്രഹമായി കാണുന്നു. ജാതി ഒന്നിനും തടസമാകില്ലെന്നു കരുതുന്നതായി അനുരാഗ് കൂട്ടിചേര്‍ത്തു.